ഒടുവില്‍ പ്രണയം വിവാഹത്തിലേക്ക്? നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയം ഇന്നെന്ന് തെലുങ്ക് മാധ്യമങ്ങള്‍
ഇരുവരും അടുപ്പത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു
തെലുങ്ക് സിനിമാ താരങ്ങളായ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം 2021 ല്‍ ആയിരുന്നു. ഗോസിപ്പ് കോളങ്ങളുടെ സ്ഥിരം ഇരകളായി മാറിയിരുന്നു പിന്നീട് ഇരുവരും. നാഗ ചൈതന്യ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയേക്കുമെന്നുമൊക്കെ ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നടി ശോഭിത ധൂലിപാലയുടെ പേരാണ് നാഗ ചൈതന്യയുമായി ചേര്‍ത്ത് പലപ്പോഴും പറയപ്പെട്ടത്. ഇപ്പോഴിതാ ആ ബന്ധം വിവാഹത്തിലേക് അടുക്കുകയാണെന്ന് തെലുങ്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഒരു പുതിയ അപ്ഡേറ്റും മുന്‍നിര തെലുങ്ക് മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.
നാഗ ചൈതന്യയും ശോഭത ധൂലിപാലയും ഉടന്‍ തന്നെ വിവാഹതരാവുമെന്നും അതിന് മുന്‍പായുള്ള വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്നും ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വിവാഹക്കാര്യം നാഗ ചൈതന്യ തന്നെ എല്ലാവരെയും അറിയിക്കുമെന്നും ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിംഗ് സെഷനില്‍ നിന്നുള്ള നാഗ ചൈതന്യയുടെയും ശോഭിതയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്.
ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാലയുടെ സിനിമാ അരങ്ങേറ്റം. അദിവി സേഷ് നായകനായ ഗൂഢാചാരി എന്ന ചിത്രത്തിലൂടെ 2018 ലാണ് ശോഭിത തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളായ സിനിമാപ്രേമികള്‍ക്കും പരിചിതയാണ് ശോഭിത ധൂലിപാല. അതേസമയം 2017 ല്‍ ആയിരുന്നു സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം.
ALSO READ : ജേക്സ് ബിജോയ്‍യുടെ സംഗീതം; 'അഡിയോസ് അമിഗോ'യിലെ ഗാനം എത്തി