താരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രം

സിനിമാലോകം അതിലെ അഭിനേതാക്കളുടെ താരമൂല്യം അളക്കുന്നത് പ്രധാനമായും അവരുടെ ചിത്രങ്ങള്‍ നേടുന്ന കളക്ഷന്‍ നോക്കിയാണ്. ബോക്സ് ഓഫീസ് കളക്ഷന്‍ കൂടാതെ ചിത്രങ്ങളുടെ മറ്റ് സാമ്പത്തിക മാര്‍ഗങ്ങളും നിര്‍മ്മാതാക്കള്‍ വിലയിരുത്താറുണ്ട്. അതില്‍ പ്രധാനമാണ് പ്രീ റിലീസ് ബിസിനസ്. ഒടിടി കൂടി വന്നതോടെ പ്രീ റിലീസ് ബിസിനസ് കൂടിയിട്ടുമുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ ഒരു യുവതാര ചിത്രത്തിന്‍റെ പ്രീ റിലീസ് ബിസിനസ് ശ്രദ്ധ നേടുകയാണ്.

നാഗ ചൈതന്യയെ നായകനാക്കി തെലുങ്കിലെ പ്രമുഖ സംവിധായകന്‍ ചന്തു മൊണ്ടെറ്റി രചനയും സംവിധാനവും നിര്‍വ്വഹിച്ച തണ്ടേല്‍ എന്ന ചിത്രമാണ് അത്. സിനിമയുടെ നിര്‍മ്മാണച്ചെലവ് കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഗീത ആര്‍ട്സിന്‍റെ ബാനറില്‍ ബണ്ണി വസു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 75 കോടിയാണ്. തെലുങ്ക് സിനിമയെ സംബന്ധിച്ച് ഒരു വമ്പന്‍ ബജറ്റ് അല്ലെങ്കിലും ഒരു നാഗ ചൈതന്യ ചിത്രത്തെ സംബന്ധിച്ച് അത് വലിയ ബജറ്റ് ആണ്. എന്ന് മാത്രമല്ല, അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റുമാണ്.

നാഗ ചൈതന്യയുടെ ഏറ്റവും വലിയ സോളോ ഹിറ്റുകള്‍ പോലും 70 കോടിക്ക് താഴെ മാത്രമേ കളക്റ്റ് ചെയ്തിട്ടുള്ളൂ. അതിനാല്‍ത്തന്നെ വിജയിക്കുന്നപക്ഷം അദ്ദേഹത്തിന്‍റെ കരിയറിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തി വിടാന്‍ സാധ്യതയുള്ള ചിത്രമാണ് തണ്ടേല്‍. ചിത്രത്തിന് ലഭിച്ച ഒടിടി റൈറ്റ്സ് തുകയും ശ്രദ്ധേയമാണ്. 40 കോടിയാണ് ഒടിടി റൈറ്റ്സിലൂടെ ചിത്രം നേടിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം ഡിസംബര്‍ 20 ന് എത്തുമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ ആ സമയത്ത് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ തെലുങ്കില്‍ നിന്ന് എത്തുന്നുണ്ട് എന്നതിനാല്‍ റിലീസ് അടുത്ത വര്‍ഷത്തേക്ക് നീളാന്‍ ഇടയുണ്ടെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ALSO READ : 'ആരും കാണാതെ'; 'ഴ' സിനിമയിലെ ഗാനമെത്തി

https://www.youtube.com/watch?v=Ko18SgceYX8