ടോളിവുഡ് നിലവിൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നടൻ നാഗാർജുന അഭിപ്രായപ്പെട്ടു. 

ഹൈദരാബാദ്: ധനുഷും രജനീകാന്തും പ്രധാന വേഷങ്ങളിൽ എത്തുന്ന കുബേര, കൂലി എന്നീ വൻ ചിത്രങ്ങൾക്ക് ടോളിവുഡ് താരം നാഗാർജുന പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതോടെ വീണ്ടും തെന്നിന്ത്യയില്‍ ശക്തമായ സാന്നിധ്യം ആകുകയാണ് നാഗാര്‍ജുന. നടൻ ഇപ്പോൾ കുബേര എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളിലാണ്. ഇതിന്‍റെ ഭാഗമായി ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ താരം ടോളിവുഡ് സംബന്ധിച്ച് രസകരമായ ചില കാര്യങ്ങള്‍ പങ്കുവച്ചു.

ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നന്നായി ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നു എന്ന സംസാരത്തില്‍ അഭിപ്രായം അഭിമുഖം നടത്തിയ ഭരദ്വാജ് രംഗൻ നാഗിനോട് ചോദിച്ചു. ടോളിവുഡ് നടൻ മറുപടി പറഞ്ഞു. ടോളിവുഡിലും ഇപ്പോള്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്നാണ് താരം പറയുന്നത്.

“ഈ കഥകൾ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. ഒരു നടനോ സംവിധായകനോ മോശം കാലത്തിലൂടെ കടന്നുപോകുന്നത് പോലെയാണ് ഇത്. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. എല്ലാ താരങ്ങളുടെയും എല്ലാ സംവിധായകരുടെയും സിനിമകൾ ഒന്നിച്ച് വിജയിച്ചില്ല, അതിനാല്‍ അവര്‍ ഇന്‍ട്രസ്ട്രീ പരാജയപ്പെടുകയാണെന്ന് പറയാൻ തുടങ്ങി.”

നാഗാർജുന പറഞ്ഞു, “എന്റെ അനുഭവത്തിൽ, തെലുങ്ക് സിനിമാ വ്യവസായം മൂന്ന് തവണ മാന്ദ്യത്തിലൂടെ കടന്നുപോയി. നാലാമത്തേത് വരാനിരിക്കുന്നു എന്നാണ് തോന്നുന്നു. എനിക്ക് അതിനെക്കുറിച്ച് അറിയാം. കുറച്ചു കാലത്തേക്ക് പ്രധാന റിലീസുകളൊന്നുമില്ലാതിരിക്കുകയും റിലീസ് ചെയ്യുന്ന സിനിമകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. അത്തരമൊരു പ്രതിസന്ധി വീണ്ടും വരാനിരിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് ശക്തമായ ഒരു സൂചന അതിലുണ്ട് ” താരം പറഞ്ഞു.

അതേ സമയം കുബേര ആഗോള റിലീസായി ജൂണ്‍ 20-ന് പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ വമ്പന്‍ റിലീസായാണ് ചിത്രം വേഫെറര്‍ ഫിലിംസ് എത്തിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം.