കന്നഡയിലെ ശ്രദ്ധേയനായ സംവിധായകനാണ് നാഗതിഹള്ളി ചന്ദ്രശേഖര്‍. മികച്ച കന്നഡ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകനാണ് നാഗതിഹള്ളി ചന്ദ്രശേഖര്‍. മറ്റ് അവാര്‍ഡുകളും നാഗതി ചന്ദ്രശേഖര്‍ സ്വന്തമാക്കിയിട്ടുണ്ട്. നാഗതിഹള്ളി ചന്ദ്രശേഖര്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ഇന്ത്യാ വെഴ്‍സസ് ഇംഗ്ലണ്ട് എന്ന ചിത്രം റിലീസിന് എത്തിയിരിക്കുകയാണ്. കന്നഡ ചിത്രങ്ങള്‍ വിദേശ തിയേറ്ററുകളിലേക്കും എത്തിക്കാൻ ശ്രമിക്കുന്ന നാഗതിഹള്ളി ചന്ദ്രശേഖര്‍ ഇന്ത്യാ വെഴ്‍സസ് ഇംഗ്ലണ്ട് എന്ന ചിത്രത്തിന്റെ പ്രത്യേകതകളും എന്തുകൊണ്ടാണ് അങ്ങനെയൊരു സിനിമ എന്നും പറയുന്നു.

ഞാനാണ് കന്നഡ് സിനിമകള്‍ക്ക് വിദേശ റിലീസ് തുടങ്ങിവെച്ചത് എന്ന് തോന്നുന്നു. സിനിമ പ്രിന്റുകളുമായി വിതരണക്കാരെ ചെന്ന് കണ്ട് നടത്തിയ യാത്രകളെ കുറിച്ചാണ് ഞാൻ ഓര്‍ക്കുന്നത്. എന്തായാലും വിദേശത്ത് ഇരുപത്തിയഞ്ച് സെന്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നതില്‍ ചെന്നെത്തി നില്‍ക്കുന്നു അത്. എന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായ ഇഷ്‍ടകാമ്യ പ്രദര്‍ശിപ്പിക്കുന്നതിനായി ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ നേരിട്ട ചോദ്യമാണ് ഇന്ത്യ വെഴ്‍സസ് ഇംഗ്ലണ്ട് എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത്. അവരുടെ ജീവിതവുമായി ബന്ധമില്ലാത്ത അമേരിക്ക അമേരിക്ക എന്ന സിനിമ എന്തുകൊണ്ടാണ് എടുത്തത് എന്ന് ഇംഗ്ലണ്ടിലെ ഒരു പ്രവാസി എന്നോടു ചോദിച്ചു. അങ്ങനെയാണ് ഞാൻ എന്റെ മകളുടെ അക്ഷാംശ രേഖാംശ എന്ന പുസ്‍തകം സിനിമയാക്കാൻ ആലോചിച്ചത്. അത് ഇന്ത്യ വെഴ്‍സസ് ഇംഗ്ലണ്ട് എന്ന് പേരു മാറ്റുകയും ചെയ്‍തു- നാഗതിഹള്ളി ചന്ദ്രശേഖര്‍ പറയുന്നു.  വസിഷ്‍ഠ സിംഹയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. അനന്ത് നാഗും ചിത്രത്തിലുണ്ട്.