ത്രയത്തിനു ശേഷം സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രം

ശ്രീനാഥ് ഭാസിയെ (Sreenath Bhasi) നായകനാക്കി സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന നമുക്ക് കോടതിയില്‍ കാണാം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമിന്‍റെ നിര്‍മ്മാണത്തില്‍ എത്തുന്ന മൈക്കിനു ശേഷം ആഷിക് അലി അക്ബര്‍ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. സംവിധായകന്‍ വി എം വിനുവാണ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്. 

സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാലു അലക്സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമകൂടിയാണ് നമുക്ക് കോടതിയിൽ കാണാം. ചിത്രത്തിന്റെ ക്യാമറ മാത്യു പ്രസാദ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ.

ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല, അതുകൊണ്ട് നായികാ കഥാപാത്രം ഇല്ല: അലന്‍സിയര്‍

ഡബ്ല്യുസിസിയില്‍ നിന്ന് (WCC) ആരെയും കിട്ടാത്തതിനാലാണ് ഹെവന്‍ സിനിമയില്‍ നായികാ കഥാപാത്രം ഇല്ലാതെപോയതെന്ന് അലന്‍സിയര്‍ (Alencier). സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ഹെവന്‍ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരിഹാസരൂപേണയുള്ള അലന്‍സിയറിന്‍റെ മറുപടി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും ജാഫര്‍ ഇടുക്കിയുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ചിത്രത്തിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് സുരാജ് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അലന്‍സിയറിന്റെ പരാമര്‍ശം.

ചിത്രത്തില്‍ വിനയപ്രസാദ് അഭിനയിക്കുന്നുണ്ടെന്നും അവരുടെ കഥാപാത്രത്തെക്കുറിച്ച് പറയാമോ എന്നുമായിരുന്നു ചോദ്യം. വിനയപ്രസാദ് തന്‍റെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെന്നും തന്‍റെ ഭാര്യാ കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും സുരാജ് പറഞ്ഞു. ചിത്രത്തില്‍ നായികാ കഥാപാത്രമില്ലെന്നും ഒരു സ്ത്രീ കഥാപാത്രമേ ഉള്ളൂവെന്നും. സുരാജ് പറയുന്നതിനിടെയായിരുന്നു അലന്‍സിയറിന്റെ ഇടപെടല്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോ, അലന്‍സിയര്‍ പറഞ്ഞു.