നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രം 'അഖണ്ഡ'യുടെ തുടർച്ചയായ ഈ സിനിമ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും.
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം "അഖണ്ഡ 2: താണ്ഡവം" സിനിമയുടെ ടീസർ റിലീസ് ചെയ്തു. ചിത്രം തിയറ്ററിലെത്താൻ ആറ് ദിവസം ബാക്കി നിൽക്കെയാണ് പുതിയ ടീസർ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന് എതിരെ നിൽക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ ബാലയ്യ അവതരിപ്പിക്കുന്ന കഥാപാത്രം നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഒപ്പം വലിയൊരു ദൃശ്യവിസ്മയമാകും അഖണ്ഡ 2 കാത്തുവിച്ചിരിക്കുന്നതെന്നും ടീസർ ഉപ്പുനൽകുന്നുണ്ട്.
ബ്ലോക്ക് ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന അഖണ്ഡ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. സൂപ്പർ ഹിറ്റ് ചിത്രം 'അഖണ്ഡ'യുടെ തുടർച്ച ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. നീളമുള്ള മുടിയും പരുക്കൻ താടിയും ഉള്ള, കയ്യിൽ തിശൂലം ഏന്തിയ മറ്റൊരു ലുക്കിലും അദ്ദേഹത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. എസ് തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോൾട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്ന് പ്രൊമോഷൻ മെറ്റീരിയലുകൾ ഉറപ്പുനൽകുന്നു.

സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.



