തുടർച്ചയായ ഹിറ്റുകളുടെ പശ്ചാത്തലത്തിൽ നന്ദമൂരി ബാലകൃഷ്ണ എടുത്ത തീരുമാനം നിര്‍മ്മാതാക്കളെ ഞെട്ടിച്ചു
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ടോപ്പ് ഹീറോയായിരുന്ന ഇടത്ത് നിന്ന് ഒരു കാലത്ത് തുടര്‍ച്ചയായ ഫ്ലോപ്പുകള്‍ നേരിട്ട വ്യക്തിയാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. എന്നാല്‍ കൊവിഡ് കാലത്തിന് ശേഷം ടോളിവുഡിലെ ഗ്യാരണ്ടി സ്റ്റാറായി മാറിയിരിക്കുകയാണ് ഈ 64 കാരന്‍.
അടുത്തിറങ്ങിയ ബാലകൃഷ്ണയുടെ ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റാണ്. അഖണ്ഡ എന്ന ചിത്രത്തിന് ശേഷം ഇറങ്ങിയ ബാലയ്യ ചിത്രങ്ങള്‍ എല്ലാം തന്നെ വലിയ വിജയമാണ് നേടിയത്. അവസാനം ഇറങ്ങിയ ഡാക്കു മഹാരാജ് മാത്രമാണ് അല്‍പ്പം കളക്ഷനില്‍ കുറവ് കാണിച്ചത്. എന്നാല്‍ വലിയ തുകയ്ക്ക് ചിത്രം ഒടിടികള്‍ വാങ്ങി എന്നത് താരത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശത്തിനായി വലിയ മത്സരമാണ് നടക്കുന്നത്. നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈം വീഡിയോയും ഒരു പോലെ ബാലയ്യ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശത്തിനായി രംഗത്തുണ്ടെന്നാണ് ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട് പറയുന്നത്. 100 കോടിയാണ് പോലും ഒടിടി അവകാശത്തിന് മാത്രം നിര്‍മ്മാതാക്കളുടെ ആവശ്യം.
എന്നാല്‍ നിര്‍മ്മാതാക്കളെ ഞെട്ടിക്കുന്ന തീരുമാനം ബാലയ്യ എടുത്തുവെന്നാണ് വിവരം. ഭഗവന്ത് കേസരി അടക്കം അവസാന ചിത്രം ഡാക്കു മഹാരാജ് വരെ ബാലയ്യ വാങ്ങിയ പ്രതിഫലം 12 കോടി മുതല്‍ 18 കോടി വരെയാണ്. എന്നാല്‍ അടുത്ത ചിത്രമായ അഖണ്ഡ 2 വില്‍ ബാലയ്യ ഇത് കുത്തനെ ഉയര്‍ത്തി 35 കോടിയാക്കി എന്നാണ് വിവരം.
ഇതിന് പിന്നാലെ ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ 45 കോടിയാണ് ബാലയ്യ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഗ്രേറ്റ് ആന്ധ്ര.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ തെലുങ്കില്‍ പാന്‍ ഇന്ത്യ അപ്പീല്‍ ഇല്ലാത്ത ഒരു നായക നടന്‍ വാങ്ങുന്ന ഏറ്റവും കൂടിയ പ്രതിഫലമാണ് ബാലയ്യ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. എന്തായാലും ഷുവര്‍ നൂറുകോടി പടം എന്ന ബാലയ്യയുടെ ഗ്യാരണ്ടിയില്‍ അദ്ദേഹത്തെ വച്ച് പടം ചെയ്യാന്‍ ഇരുന്ന നിര്‍മ്മാതാക്കളെ ഞെട്ടിച്ചു പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
മുന്‍പ് തീയറ്ററില്‍ മാത്രമാണ് ബാലയ്യ പടങ്ങള്‍ തരംഗം സൃഷ്ടിച്ചതെങ്കില്‍ 2021ന് ശേഷം ഒടിടിയില്‍ ബാലയ്യ പടങ്ങള്‍ വന്‍ തരംഗം ഉണ്ടാക്കുന്നുണ്ട്. ആഹാ എന്ന ഒടിടി പ്ലാറ്റ്ഫോമിലെ അണ്‍സ്റ്റോപ്പബിള്‍ ബാലയ്യ എന്ന പരിപാടിയും ഇതില്‍ വലിയ പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ട്. ബാലയ്യയുടെ അവസാന ചിത്രം ഡാക്കു മഹാരാജ് നെറ്റ്ഫ്ലിക്സില്‍ 200 മില്ല്യണ്‍ സ്ട്രീംഗ് മിനുട്ട് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം അഖണ്ഡ 2 സിനിമയില്‍ ബാലയ്യ ഡബിള്‍ റോളിലാണ് എത്തുന്നത് എന്നാണ് വിവരം. പ്രഗ്യാ ജെയ്സ്വാള്‍ ചിത്രത്തിലെ നായികയായി എത്തും. ബോയപട്ടി ശ്രീനുവും ബാലയ്യയും ഒന്നിച്ച സിംഹ, ലെജന്‍റ്, അഖണ്ഡ എന്നീ ചിത്രങ്ങള്‍ എല്ലാം വന്‍ വിജയങ്ങളായിരുന്നു.


