'ശിവന്' പിന്നാലെ 'രംഗ'യോടും നോ പറഞ്ഞ് ബാലയ്യ; കാരണം ഇതാണ്
150 കോടിയിലേറെ കളക്റ്റ് ചെയ്ത ചിത്രമാണ് ആവേശം
മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടിയ മലയാള ചിത്രം ആവേശം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടേക്കുമെന്ന് സമീപദിനങ്ങളില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. തെലുങ്കില്‍ ഏറെ ആരാധകരുള്ള താരം നന്ദമൂരി ബാലകൃഷ്ണയാവും മലയാളത്തില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രമായി എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ച അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ആവേശം റീമേക്കിനോട് ബാലയ്യ എന്ന ബാലകൃഷ്ണ നോ പറഞ്ഞിരിക്കുകയാണെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
"ഇരുണ്ട വശമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ആളുകളെ പ്രചോദിപ്പിക്കുന്ന കഥാപാത്രങ്ങളെയാവണം ഒരു നായകന്‍ എപ്പോഴും അവതരിപ്പിക്കേണ്ടതെന്നാണ് അദ്ദേഹം കരുതുന്നത്. തിന്മയ്ക്ക് എതിരെ പോരടിക്കേണ്ട കഥാപാത്രങ്ങളെയാവണം നായകന്‍ അവതരിപ്പിക്കേണ്ടത്, മറിച്ച് തിന്മയെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെയല്ല", ബാലയ്യയുടെ നിലപാടിനെക്കുറിച്ച് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍പ് വിജയ്‍യും മോഹന്‍ലാലും ഒന്നിച്ച ജില്ലയുടെ തെലുങ്ക് റീമേക്കിലേക്കും ബാലകൃഷ്ണയെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ സമാന കാരണത്താല്‍ അദ്ദേഹം കമ്മിറ്റ് ചെയ്തില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. "കല്യാണ്‍ റാമുമൊത്ത് ഒരു ചിത്രം ചെയ്യണമെന്ന് ബാലകൃഷ്ണയ്ക്ക് ഉണ്ടായിരുന്നു. ജില്ല റീമേക്കിനെക്കുറിച്ച് സംസാരം വന്ന സമയത്ത് അദ്ദേഹം സിനിമ കണ്ടു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായാണ് അദ്ദേഹത്തെ ഉദ്ദേശിച്ചത്. എന്നാല്‍ ആ കഥാപാത്രത്തിനും നെഗറ്റീവ് ഷെയ്ഡ് ഉണ്ടെന്ന് കണ്ട അദ്ദേഹം ആ റീമേക്കില്‍ താന്‍ ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഒരുമിച്ച് അഭിനയിക്കാനായി മറ്റൊരു തിരക്കഥ കണ്ടെത്താന്‍ കല്യാണ്‍ റാമിനോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു", അടുത്ത വൃത്തങ്ങള്‍ പറയുന്നു.
വലിയ രോഷമുള്ള, ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളെയാണ് നന്ദമൂരി ബാലകൃഷ്ണ സ്ക്രീനില്‍ അവതരിപ്പിച്ചുപോരുന്നത്. ഏറെ വയലന്‍സ് ഉള്ള ചിത്രങ്ങളാണെങ്കിലും തന്‍റെ നായകന്മാരെല്ലാം നീതിക്ക് വേണ്ടി പോരാടുന്നവരാണെന്നാണ് ബാലകൃഷ്ണയുടെ ഭാഷ്യം.
ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്