വീണ്ടും ഹിറ്റിനായി ബാലയ്യ.

തെലുങ്കിന്റെ ആവേശമാണ് നന്ദമുരി ബാലകൃഷ്‍ണ. ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്‍ണയുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വൻ വിജയമായി മാറാറുണ്ട്. അതിനാല്‍ ബാലയ്യ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. നന്ദമുരി ബാലകൃഷ്‍ണ നായകനായി പ്രഖ്യപിച്ച ചിത്രം എൻബികെ 109ന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബോബി കൊല്ലിയാണ് എൻബികെ 109 സംവിധാനം ചെയ്യുന്നത്. എൻബികെ 109 എന്ന വിശേഷണപ്പേരുള്ള ചിത്രത്തില്‍ ബാലയ്യയ്‍ക്കും വലിയ പ്രതീക്ഷകളാണ് ഉള്ളത്. എൻബികെ 109യിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാകും എന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബാലയ്യയുടെ എൻബികെ 109ന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടി എന്ന പ്രഖ്യാപനമാണ് നിലവില്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഭഗവന്ത് കേസരി എന്ന ചിത്രമാണ് ഒടുവില്‍ ബാലയ്യ നായകനായി വേഷമിട്ടതില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. വിദേശത്ത് ഭഗവന്ത് കേസരി 14.05 കോടി രൂപയും ആകെ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 88.55 കോടി രൂപയും നേടിയപ്പോള്‍ ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 1.90 കോടി രൂപയും നേടി.

ബാലയ്യ നായകനായി അനില്‍ രവിപുഡി സംവിധാനം ചെയ്‍ത ഭഗവന്ത് കേസരി ഹാട്രിക് വിജയ ചിത്രമായി മാറുകയും ചെയ്‍തതിനാല്‍ യുവ നായകൻമാരും അമ്പരന്നിരുന്നു. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തില്‍ എന്നും ഭഗവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെട്ടിരുന്നത്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിന് പുറമേ അര്‍ജുൻ രാംപാലും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിരുന്നത്. ബാലയ്യ നായകനായ ഒരു വണ്‍മാൻ ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഒന്നാകെ ഏറ്റെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More: തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും നേര്, ആരൊക്കെയാകും മോഹൻലാലിന്റെ പകരക്കാരൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക