സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം  ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

നരെയ്ൻ, ജോജു ജോര്‍ജ്, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കപ്പെടുന്ന രണ്ട് ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടനവധി പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. 

ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവയാണ് ചിത്രത്തിലെ നായികമാര്‍. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‍ കാന്ത്, സിനിൽ സൈനുദ്ദീൻ ,വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുക. തെന്നിന്ത്യയിലെ ഏറ്റവും മികച്ച അണിയറപ്രവർ‍ത്തകരാണ് പിന്നണിയിൽ അണിനിരക്കുന്നത്. ചിത്രത്തിന്‍റെ പേരും മറ്റു കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ പങ്കുവെക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

അതേസമയം ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്‌നൊപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിർ - ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.