പോസ്റ്റര്‍ അവതരിപ്പിച്ചത് കാര്‍ത്തി
'ഓര്‍ഡിനറി'യും 'മൈ സാന്‍റ'യുമൊക്കെ ഒരുക്കിയ സുഗീത് (Sugeeth) കരിയറിലെ ആദ്യ തമിഴ് സിനിമയുമായി വരികയാണ്. 'കുറള്‍' (Kural) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നരെയ്‍ന്‍ (Narain) ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് (First Look) പുറത്തെത്തി. നരെയ്‍നിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്റര്‍ കാര്‍ത്തിയാണ് (Karthi) സോഷ്യല്‍ മീഡിയയിലൂടെ ലോഞ്ച് ചെയ്‍തത്.
ഓട്ടിസം ബാധിച്ച കഥാപാത്രത്തെയാണ് നരെയ്‍ന്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രിന്ധ ശിവദാസ്, ഫിലിപ്പിനോ താരം ഷെറീസ് സീന്‍, കനിഹ, ബാല ശരവണന്‍, കലി വെങ്കട് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കദ്രീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് യുഎഇയുടെ ബാനറില്‍ നജീബ് കാദിരിയാണ് നിര്‍മ്മാണം. രാകേഷ് ശങ്കറിന്‍റേതാണ് ചിത്രത്തിന്‍റെ രചന.
ഛായാഗ്രഹണം വിവേക് മേനോന്‍. സംഗീതവും പശ്ചാത്തല സംഗീതവും മംഗള്‍ സുവര്‍ണ്ണന്‍, ശാശ്വത് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന്. അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ്, വസ്ത്രാലങ്കാരം സരിത സുഗീത്, കലാസംവിധാനം രാജീവ് കോവിലകം, എഡിറ്റിംഗ് നവീന്‍ പി വിജയന്‍, ട്രെയിലര്‍ കട്ട് ഡോണ്‍മാക്സ്.
മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രം അദൃശ്യം, ബര്‍ണേഷ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ഡ്രാമ 'ഒത്തൈക്ക് ഒത്തൈ', ലോകേഷ് കനകരാജിന്‍റെ കമല്‍ ഹാസന്‍ ചിത്രം 'വിക്രം' എന്നിവയാണ് നരെയ്‍ന്‍റേതായി പുറത്തുവരാനിരിക്കുന്ന മറ്റു സിനിമകള്‍.
