സമീപകാല സോഷ്യല്‍ മീഡിയ ചര്‍ച്ചകളെത്തുടര്‍ന്നുള്ള കണക്ക്
സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകള്‍ സിനിമാപ്രേമികള്‍ ഇത്രയധികം ശ്രദ്ധിക്കാനും അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനും തുടങ്ങിയത് അടുത്ത കാലത്താണ്. മുന്‍കാലങ്ങളില്‍ ഒരു സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ദിനങ്ങളാണ് പരസ്യങ്ങളില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ആ സ്ഥാനത്ത് ഇന്ന് കളക്ഷന്‍ കടന്നുവന്നു. ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സമീപകാലത്ത് കടന്നുവന്ന ഒരു വാക്കാണ് ഫുട്ഫാള്‍സ് (Footfalls). സിനിമ കാണാന്‍ എത്ര പേര്‍ കയറി, അഥവാ എത്ര ടിക്കറ്റുകള്‍ വിറ്റു എന്നതാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന വ്യത്യാസവും ടിക്കറ്റ് നിരക്കിലെ മാറ്റവുമൊക്കെ ഒഴിവാക്കി സിനിമകളുടെ ജനപ്രീതി അളക്കാനാവും എന്നതും ഈ ടിക്കറ്റ് വില്‍പ്പന കണക്കിന്‍റെ സൗകര്യമാണ്. സമീപകാലത്ത് തുടരും വിജയത്തിന് പിന്നാലെ രണ്ട് ചിത്രങ്ങള്‍ വിറ്റ ടിക്കറ്റ് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എക്കാലത്തെയും രണ്ട് ഹിറ്റ് ചിത്രങ്ങളായ നരസിംഹം, രാജമാണിക്യം എന്നിവയുടെ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലി ആയിരുന്നു അത്. ഇപ്പോഴിതാ കേരളത്തിലെ ഏറ്റവും വലിയ സീറ്റിംഗ് കപ്പാസിറ്റി തിയറ്ററുകളില്‍ ഒന്നായ എറണാകുളം കവിതയില്‍ 2000 ന് ശേഷം ഏറ്റവുമധികം ടിക്കറ്റ് വിറ്റ ചിത്രം ഏതെന്ന കണക്ക് പുറത്തെത്തിയിരിക്കുകയാണ്.
ഇത് സംബന്ധിച്ച് എ ബി ജോര്‍ജ് എന്നയാളുടെ എക്സ് പോസ്റ്റ് കവിത തിയറ്റര്‍ എക്സില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇത് പ്രകാരം 2000 മുതലിങ്ങോട്ട് കവിതയില്‍ ഏറ്റവുമധികം ടിക്കറ്റ് വിറ്റ ചിത്രം നരസിംഹമാണ്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ നരസിംഹം 2000 ലാണ് പുറത്തെത്തിയത്. 3.65 ലക്ഷം ടിക്കറ്റുകളാണ് നരസിംഹത്തിന്‍റേതായി എറണാകുളം കവിതയില്‍ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് അന്‍വര്‍ റഷീദിന്‍റെ മമ്മൂട്ടി ചിത്രം രാജമാണിക്യമാണ്. 3.4 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്‍റേതായി പ്രസ്തുത തിയറ്ററില്‍ വിറ്റുപോയത്. മൂന്നാം സ്ഥാനത്ത് ലാല്‍ജോസിന്‍റെ ക്യാമ്പസ് ചിത്രം ക്ലാസ്മേറ്റ്സ് ആണ്. 3.3 ലക്ഷം ടിക്കറ്റുകളാണ് ക്ലാസ്മേറ്റ്സിന്‍റേതായി വിറ്റുപോയത്. മള്‍ട്ടിപ്ലെക്സുകള്‍ വന്നതിന് ശേഷം കവിതയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റത് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ആണ്. 1.33 ലക്ഷം ടിക്കറ്റുകളാണ് പുലിമുരുകന്‍റേതായി കവിതയില്‍ വിറ്റത്.


