'മല്ലി പെല്ലി' ചിത്രത്തില്‍ നടൻ നരേഷാണ് നായകനായി എത്തുന്നതും.
തെലുങ്കിലെ പ്രശസ്‍ത താരം നരേഷും നടി പവിത്രയും വിവാഹിതരായത് അടുത്തിടെയാണ്. നരേഷിന്റെ നാലാം വിവാഹവും പവിത്രയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. നടൻ നരേഷിന്റെ ദാമ്പത്യ ജീവിതം പലപ്പോഴും വാര്‍ത്തകളാകാറുണ്ട്. ഇപ്പോഴിതാ നരേഷ് തന്റെ ജീവിതാനുഭവങ്ങള്‍ സിനിമയാക്കി എത്തുകയാണ്.
'മല്ലി പെല്ലി'യെന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നരേഷും പവിത്രയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. എം എസ് രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വനിതാ വിജയകുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. നടൻ നരേഷിന്റെ മൂന്നാം ഭാര്യയായ രമ്യ രഘുപതിയാണ് വനിതയുടെ വേഷത്തിന് പ്രചോദനമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. നരേഷും പവിത്രയും ഒന്നിക്കുന്നതിനെ എതിര്‍ത്തിരുന്ന രമ്യ മുമ്പ് ഒരിക്കല്‍ ഇവരെ പിന്തുടര്‍ന്ന് ഹോട്ടലിലെത്തുകയും ചെരിപ്പൂരി തല്ലാൻ ഒരുങ്ങുകയും ചെയ്‍ത വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതുപോലുള്ള ഒരു രംഗം ഉള്‍പ്പെടുത്തിയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഡാൻസ് മാസ്റ്റര്‍ ശ്രീനുവായിരുന്നു നരേഷിന്റെ ആദ്യ ഭാര്യ, നവീൻ വിജയകൃഷ്‍ണ എന്ന ഒരു മകനുമുണ്ട് ശ്രീനുവായുള്ള ബന്ധത്തില്‍. രേഖ സുപ്രിയയാണ് രണ്ടാം ഭാര്യ. തേജ എന്ന മകനും ഇവര്‍ക്കുണ്ട്. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം രമ്യ രഘുപതിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലും താരത്തിന് മകനുണ്ട്.
നടി വിജയ് നിര്‍മലയുടെയും കെ എസ് മൂര്‍ത്തിയുടെയും മകനായ നരേഷ് ബാലതാരമായിട്ടാണ് വെള്ളിത്തിരയിലെത്തിയത്. ബിജെപി നേതാവുമായ നരേഷ് ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷനിലും സജീവ സാന്നിദ്ധ്യമാണ് നരേഷ്. കന്നഡയിലും തെലുങ്കിലുമായി ഒട്ടേറെ മികച്ച സിനിമകളില്‍ വേഷമിട്ട നടിയാണ് പവിത്ര ലോകേഷ്. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ആദ്യ ഭര്‍ത്താവില്‍ നിന്ന് പവിത്ര ലോകേഷ് വിവാഹ മോചനം നേടിയിരുന്നു. തുടര്‍ന്ന് നടൻ സുചേന്ദ്ര പ്രസാദുമായി പ്രണയത്തിലാകുകയും വേര്‍പിരിയുകയും ചെയ്‍തു. ഈ ബന്ധം അവസാനിപ്പിച്ചതിനു ശേഷമാണ് പവിത്ര ലോകേഷ് നരേഷുമായി ലിവ് ഇൻ റിലേഷനിലാകുന്നതും അത് വിവാഹത്തിലേക്ക് എത്തുന്നതും.
Read More: പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്, ലിറിക്കല്‍ മോഷൻ പോസ്റ്റര്‍ പുറത്ത്
