മുംബൈ: ജെഎന്‍യു സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും അനുപം ഖേറിനെ  പരിഹസിച്ചും ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. ജെഎന്‍യു  സന്ദര്‍ശിക്കാന്‍ ദീപിക കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് ഷാ പറഞ്ഞു. 

മുഖ്യധാരയില്‍ നില്‍ക്കുമ്പോള്‍ തന്നെ, ഒരുപാട് നഷ്ടപ്പെടാനുണ്ടായിട്ടും ജെഎന്‍യുവില്‍ പോകാന്‍ കാണിച്ച ദീപികയുടെ ധൈര്യത്തെ തീര്‍ച്ചയായും പ്രശംസിക്കണം.  അത്തരമൊരു പ്രവര്‍ത്തികൊണ്ട് ദീപികയുടെ പ്രശസ്തി കുറയുമോ? അതുകൊണ്ട് മാത്രം അവര്‍ക്കിപ്പോഴുള്ള സൗന്ദര്യം കുറയുമോ ? സിനിമാ മേഖല ആരാധിക്കുന്ന ഒരേയൊരു ദൈവം പണമാണെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. 

അതേസമയം എ വെഡ്നെസ്ഡേ സിനിമയില്‍ അദ്ദേഹത്തിന്‍റെ സഹ താരം കൂടിയായിരുന്ന അനുപം ഖേറിനെതിരെയും നസീറുദ്ദീന്‍ ഷാ പറഞ്ഞു. അനുപം ഖേറിന്‍റെ വാക്കുകള്‍ കാര്യമായി എടുക്കേണ്ടതില്ല. അദ്ദേഹമൊരു കോമാളിയാണ്. അദ്ദേഹത്തിന്‍റേത് മുഖസ്തുതി പാടുന്ന സ്വഭാവമാണെന്ന് സിനിമാ സ്കൂളുകളില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പറയാന്‍ കഴിയും. അത് അദ്ദേഹത്തിന്‍റെ രക്തത്തിലുള്ളതാണ്, അതില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ലെന്നും നസീറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു. 

സുപ്രീംകോടതിയുടെ അയോധ്യാവിധിയ്ക്കെതിരെ പുനപരിശോധാന ഹര്‍ജി നല്‍കണമെന്ന തീരുമാനത്തിനെതിരെ കഴിഞ്ഞ നവംബറില്‍ നസീറുദ്ദീന്‍ ഷാ രംഗത്തെത്തിയിരുന്നു. അയോധ്യാതര്‍ക്കം നിലനിര്‍ത്തിപ്പോരുന്നത് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.