മുംബൈ: വെറ്റിനറി ക്ലിനിക്കിലെ ജീവനക്കാരെ കയ്യേറ്റം ചെയ്ത നടിയും ബോളിവുഡ് നടൻ നസീറുദ്ദിന്‍ ഷായുടെ മകളുമായ ഹീബയ്ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ വെറ്റിനറി ക്ലിനിക്കിൽ ജനുവരി 16നായിരുന്നു സംഭവം. ക്ലിനിക്കിലെ രണ്ടു ജീവനക്കാരുടെ പരാതിയിൽ മുംബൈയിലെ വേർസോവ പൊലീസ് ആണ് കേസെടുത്തത്. ഫെലൈൻ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലാണ് ഹീബ പൂച്ചകളുമായി എത്തിയിരുന്നത്. 

രണ്ട് വനിതാ ജീവനക്കാരെ മർ‍ദ്ദിക്കുന്ന ഹീബയുടെ ദൃശ്യങ്ങൾ‌ ക്ലിനിക്കിലെ സിസിടിവിയിൽ‌ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫെലൈൻ ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നതിങ്ങനെ; സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് സുഹൃത്തിന്റെ രണ്ട് പൂച്ചകളെ സ്റ്റെറലസേഷന് വിധേയരാക്കുന്നതിന് ക്ലിനിക്കിലെത്തിയതായിരുന്നു ഹീബ. അകത്ത് ശസ്ത്രക്രിയ നടക്കുന്നതിനാൽ ഹീബയോട് അഞ്ചുമിനിട്ട് കാത്തുനിൽക്കാൻ ക്ലിനിക്കിലുണ്ടായിരുന്നവർ ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ വളരെ ദേഷ്യപ്പെട്ട് ഹീബ ജീവനക്കാരോട് കയർക്കുകയായിരുന്നു. താൻ ആരാണെന്ന് അറിയാമോ? ഇത്രയും നേരം തന്നെ പുറത്ത് നിർത്തിക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു എന്നൊക്കെ ചോദിച്ചാണ് ഹീബ ജീവനക്കാരോട് കയർത്തത്.

ഇതിന് പിന്നാലെ ഹീബ ജീവനക്കാരെ അസഭ്യം പറയുകയും അവരെ മർദ്ദിക്കുകയും ചെയ്തു. ഇതോടെ പൂച്ചകളെയും എടുത്ത് പുറത്തേക് പോകാൻ ജീവനക്കാർ ഹീബയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഫെലൈൻ ഫൗണ്ടേഷൻ ഭാരവാഹിയായ മൃദു കോശ്ല പറഞ്ഞു.

അതേസയമം, താൻ ജീവനക്കാരെ കയ്യേറ്റം ചെയ്തതായി ഹീബ സമ്മതിച്ചു. എന്നാൽ താൻ ആയിരുന്നില്ല ആദ്യം പ്രശ്നങ്ങൾ‌ ആരംഭിച്ചിരുന്നതെന്നും ക്ലിനിക്കിലെ ജീവനക്കാരായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും അവർ പറഞ്ഞു. ക്ലിനിക്കിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ജീവനക്കാർ സമ്മതിച്ചിരുന്നില്ല. കൂടാതെ അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി. താൻ ക്ലിനിക്കിലേക്ക് പ്രവേശിക്കുന്നതിനായി അനുവാദം വാങ്ങിയിട്ടുണ്ടെന്ന് ജീവനക്കാരെ അറിയിച്ചു.

എന്നാൽ, അറ്റഡറും വാച്ചുമാനും ചേർന്ന് തന്നെ തെറിവിളിക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്ലിനിക്കിലെ വനിതാ ജീവനക്കാരിൽ ഒരാൾ തന്നെ പിടിച്ച് തള്ളുകയും ഉടൻ അവിടെനിന്ന് പുറത്തുപോകാനും ആവശ്യപ്പെട്ടു. ക്ലിനിക്കിലേക്ക് വരുന്നവരോട് ഇത്തരത്തിലാണോ പെരുമാറേണ്ടെതെന്നും ഹീബ ചോദിച്ചു. ക്ലിനിക്കിലെ ജീവനക്കാരാണ് തന്നെ ആദ്യം മർദ്ദിച്ചതെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഹീബ കൂട്ടിച്ചേർത്തു. നസീറുദ്ദിന്‍ ഷായുടെയും ആദ്യ ഭാര്യ പർവീൻ മുരാദിന്റെയും മകളാണ് ഹീബ.