മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമാകുന്നു

സിനിമാപ്രേമികളെ ആവേശപ്പെടുത്തുന്ന പ്രഖ്യാപനമായിരുന്നു തുടരും ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന, മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്. മോഹന്‍ലാലിനെ നായകനാക്കി നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പ്രൊഡക്ഷനിലേക്ക് നീങ്ങും മുന്‍പ് ആ പ്രോജക്റ്റ് ഡ്രോപ്പ് ആവുകയായിരുന്നു. അതിന് പകരമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രവുമായി ആഷിഖ് ഉസ്മാന്‍ എത്തിയത്. ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും മറിച്ച് മറ്റൊരു ചിത്രമാണെന്നും ആഷിഖ് ഉസ്മാന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ സിനിമയ്ക്ക് തുടക്കമാവുകയാണ്.

സിനിമയുടെ ചിത്രീകരണം ഈ മാസം 23 ന് ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആഷിഖ് ഉസ്‍മാന്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആഷിഖ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിനായുള്ള ലൊക്കേഷന്‍ ഹണ്ടിംഗിനിടെ തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രങ്ങളിലൊന്ന് പങ്കുവച്ചുകൊണ്ടാണ് നിര്‍മ്മാതാവ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. തുടരും നായകനും സംവിധായകനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം തന്നെ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണിത്.

രതീഷ് രവിയുടെ കഥ

രതീഷ് രവിയുടേതാണ് ചിത്രത്തിന്‍റെ കഥ. നേരത്തെ നടക്കാതെപോയ ഓസ്റ്റിന്‍ ഡാന്‍- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ രചനയും രതീഷ് ആയിരുന്നു. ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ദൃശ്യം 3 ന് ശേഷം നായകനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രവുമാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ 365-ാം ചിത്രവുമാണ് ഇത്. ചിത്രത്തിന്‍റെ കൂടുതല്‍ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തെത്തും.

2013 ല്‍ പുറത്തെത്തിയ അരികില്‍ ഒരാള്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഓടും കുതിര ചാടും കുതിര വരെ 17 ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്. നസ്‍ലെന്‍ നായകനാവുന്ന മോളിവുഡ് ടൈംസ് ആണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റേതായി അടുത്തതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായക് ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | Sabarimala