വൻ ബോക്സ് ഓഫീസ് വിജയം നേടിയ 'ലോക' എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരു രക്തദാന ക്യാമ്പയിൻ പ്രഖ്യാപിച്ചു.
ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് ക്യാമ്പെയ്‌നുമായി ടീം ലോക. ഏറ്റവും അടുത്തുള്ള ലൈസൻസുള്ള രക്ത കേന്ദ്രം സന്ദർശിച്ച് രക്തം ധാനം ചെയ്ത ശേഷം ഫോട്ടോകളോ കഥകളോ ലോക സിനിമയുടെ പേജിനെ ടാഗ് ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കിടുക എന്നാണ് അറിയിച്ചിരിക്കുന്നത്.
"ഓരോ തുള്ളിയും വിലപ്പെട്ടതാണ്, അതിനാൽ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ അടുത്തുള്ള ലൈസൻസുള്ള രക്ത കേന്ദ്രം സന്ദർശിക്കുക, ദാതാവിന്റെ ഫോം പൂരിപ്പിച്ച് രക്തം ദാനം ചെയ്യുക, ആവശ്യമുള്ള ഒരാളുമായി നിങ്ങളുടെ സന്തോഷം പങ്കിടുക. ഒരു ദാനത്തിലൂടെ 3 ജീവൻവരെ രക്ഷിക്കാൻ നിങ്ങൾക്ക് ശക്തിയുണ്ട്. യഥാർത്ഥ ജീവിതത്തിലെ നായകനാകൂ!
‘Lokah For Life’ ചലഞ്ചിൽ ചേരൂ! ദാനം ചെയ്ത ശേഷം, നിങ്ങളുടെ പ്രചോദനാത്മകമായ ഫോട്ടോകളോ കഥകളോ ഇൻസ്റ്റാഗ്രാമിൽ പങ്കിടുക, @Lokah_Official_Page_Handle എന്ന് ടാഗ് ചെയ്യുക, പ്രത്യാശയുടെയും ജീവിതത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് #LokahForLife എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക. യോഗ്യത: 18 വയസ്സിന് മുകളിലുള്ള ഏതൊരു മുതിർന്ന വ്യക്തിയും, മികച്ച ആരോഗ്യം ഉള്ള ആൾ എന്ന് ഉറപ്പ് വരുത്തുക. ഈ #NationalVoluntaryBloodDonationDay-ൽ നമുക്ക് ഒത്തുചേരാം, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു മാറ്റത്തിന് കാരണമാകാം." ടീം ലോക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ
കല്യാണി പ്രിയദർശൻ നായികയായി എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ലോക ചാപ്റ്റർ 1: ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 260 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ലോക പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു. ചിത്രത്തിൻറെ അടുത്ത ഭാഗം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചാത്തന്മാരുടെ കഥയാണ് പറയുന്നത്. ലോക ആദ്യ ഭാഗം അവസാനിക്കുന്നത് ചാത്തന്റെ ഇൻട്രോയോട് കൂടിയാണ്.



