മരക്കാര്‍ സിനിമ കണ്ട അനുഭവം പങ്കുവച്ച് നവ്യ നായര്‍.  

പ്രിയദർശൻ- മോഹൻലാൽ(Priyadarshan-Mohanlal) കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ(Marakkar) വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ(navya nair). ചിത്രത്തെ പറ്റി ഒരുപാട് നെ​ഗറ്റീവ് കമന്റുകൾ കേട്ടാണ് തിയറ്ററിൽ പോയതെന്നും എന്നാൽ താൻ സിനിമ വളരെയധികം ആസ്വദിച്ചുവെന്നും നവ്യ പറയുന്നു. 

'ഇന്നലെ മരക്കാർ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് സിനിമ കാണാൻ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാൻ സിനിമ ആസ്വദിച്ചു. ഞാൻ ഒരു നിരൂപകയൊന്നും അല്ല, മരക്കർ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം. മലയാളം സിനിമാ ഇൻഡസ്‌ട്രി ഇത്രത്തോളം എത്തിയതിൽ ഞാൻ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തമൊരു സിനിമ തന്നതിന് നന്ദി', എന്നാണ് നവ്യ കുറിച്ചത്. 

View post on Instagram

മൂന്നാം തിയതി പ്രദർശനം ആരംഭിച്ച ചിത്രത്തിന് ആദ്യദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.