Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലെ?'; ആ ബോളിവുഡ് താരങ്ങള്‍ക്കെതിരെ നവാസുദ്ദീന്‍ സിദ്ദിഖി

ജാന്‍വി കപൂര്‍, ശ്രദ്ധ കപൂര്‍, ദിഷ പട്ടാനി എന്നിങ്ങനെ വിവിധ താരങ്ങള്‍ ഇവിടെ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Nawazuddin Siddiqui lashes out at stars posting holiday pictures during these Covid times
Author
Mumbai, First Published Apr 24, 2021, 5:41 PM IST

മുംബൈ: രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ പ്രതിസന്ധി നേരിടുകയാണ്. അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി ഇതൊന്നും അറിയാതെ എന്ന രീതിയില്‍ ബോളിവുഡിലെ പല താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. പല താരങ്ങളും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

ജാന്‍വി കപൂര്‍, ശ്രദ്ധ കപൂര്‍, ദിഷ പട്ടാനി എന്നിങ്ങനെ വിവിധ താരങ്ങള്‍ ഇവിടെ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രങ്ങള്‍ ഒന്നും പോസ്റ്റ് ചെയ്തില്ലെങ്കിലും മാലിദ്വീപിലെ ബീച്ച് റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

ഇവരുടെ അവധിക്കാല ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ നിരവധിപ്പേര്‍ അതൃപ്തി അറിയിക്കുന്നുണ്ട്. ഇതേ സമയം ഇതിനെതിരെ തുറന്ന എതിര്‍പ്പുമായി ഇറങ്ങിയിരിക്കുകയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. 

'ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഈ സെലബ്രൈറ്റികള്‍ അവരുടെ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്, ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല, അപ്പോഴാണ് നിങ്ങള്‍ പണം പാഴാക്കുന്നത്. നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലെ, അവര്‍ക്ക് എന്താണ് സംസാരിക്കാന്‍ സാധിക്കുക? അഭിനയത്തെക്കുറിച്ചോ? അവര്‍ രണ്ട് മിനുട്ട് തികയ്ക്കില്ല. ഇവര്‍ക്ക് മാലിദ്വീപിലെ ടൂറിസവുമായി എന്തെങ്കിലും നീക്കുപോക്കുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷെ മനുഷ്വത്വം പരിഗണിച്ചെങ്കിലും, നിങ്ങളുടെ അവധിക്കാലം നിങ്ങളുടെതായി ചുരുക്കുക - നവാസുദ്ദീന്‍ സിദ്ദിഖി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

താന്‍ ഒരിക്കലും എവിടെയും അവധിക്കാലം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജന്മനാടായ ബുധാനയില്‍ തന്നെ കുടുംബത്തോടൊപ്പം കഴിയാനാണ് താല്‍പ്പര്യം. ഇതാണ് എന്‍റെ മാലിദ്വീപ് എന്നും നവാസുദ്ദീന്‍ സിദ്ദിഖി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios