വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്

നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള അടുപ്പം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. തങ്ങള്‍ക്കും ഇരുവരുടെയും കുടംബങ്ങള്‍ക്കിടയിലുമുള്ള വൈകാരികബന്ധത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട് അവര്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും നയന്‍താരയോ വിഘ്നേഷോ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ആദ്യമായി സ്ഥിരീകരിച്ചിരിക്കുകയാണ്. തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ ആയതുകൊണ്ട് ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര അഭിമുഖത്തില്‍ പറയുന്നു.

വിവാഹനിശ്ചയം ഇത്തരത്തിലാണ് നടത്തിയതെങ്കിലും വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിക്കുമെന്നും നയന്‍താര പറയുന്നു. വിഘ്നേഷുമായി തനിക്കുള്ള ബന്ധത്തിന്‍റെ ഇഴയടുപ്പത്തെക്കുറിച്ചും നയന്‍താര അഭിമുഖത്തില്‍ വാചാലയാവുന്നുണ്ട്. വിഘ്നേഷിനെ പരിചയപ്പെട്ടതിനു ശേഷം ജോലിയില്‍ തനിക്കുള്ള ആവേശം ഇരട്ടിച്ചെന്ന് നയന്‍താര പറയുന്നു. "ഏറെ ആഗ്രഹിക്കാനാണ് വിഘ്നേഷ് പ്രചോദിപ്പിക്കാറ്. സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമാണ്. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അവിടെനിന്ന് അനുമതി ചോദിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ അദ്ദേഹത്തോട് ഞാന്‍ എല്ലാ കാര്യങ്ങളും പറയാറുണ്ട്", നയന്‍താര പറയുന്നു.

സ്വന്തം അമ്മയോടും കുടുംബാംഗങ്ങളോടും വിഘ്നേഷിനുള്ള കരുതലില്‍ തനിക്കുള്ള മതിപ്പിനെക്കുറിച്ചും നയന്‍താര പറയുന്നുണ്ട്- "തന്‍റെ അമ്മ, സഹോദരി, മറ്റു കുടുംബാഗങ്ങള്‍ എന്നിവരോട് വിഘ്നേഷിനുള്ള കരുതല്‍ കാണേണ്ടതാണ്. ഓരോ ദിവസവും എന്നെയത് അത്ഭുതപ്പെടുത്തും. ആറ് വര്‍ഷമായി. ഇപ്പോഴും എല്ലാദിവസവും ഞാന്‍ അത് കാണുന്നു", നയന്‍താര പറയുന്നു. 

വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 

അതേസമയം നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം 'നെട്രിക്കണി'ന്‍റെ നിര്‍മ്മാണം വിഘ്നേഷ് ശിവന്‍ ആണ്. നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, മിലിന്ദ് റാവു സംവിധാനം ചെയ്‍ത ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona