തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സിനിമയിൽ മുൻനിര നായകന്മാർക്കൊപ്പം കച്ചവട മൂല്യമുള്ള താര റാണിയാണ് നയൻതാര. അതുകൊണ്ട് തന്നെ നയന്‍സ് അഭിനയിക്കുന്ന നായികാ പ്രാധാന്യമുളള സിനിമകൾ പ്രേക്ഷകരിൽ ഏറെ ആകാംഷ സൃഷ്ടിക്കുന്നു. 'അറം', 'മായ', 'കോലമാവു കോകില ' എന്നീ ചിത്രങ്ങളുടെ വിജയം നയന്‍താരയുടെ സ്വീകാര്യതയ്ക്കുളള തെളിവായിരുന്നു. നയൻതാര വീണ്ടും നായികയായി കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ് 'കൊലൈയുതിർ കാലം, പേരു പോലെ തന്നെ ത്രില്ലറാണ് ചിത്രം. ഒട്ടേറെ സവിശഷതകളും 'കൊലൈയുതിർ കാല'ത്തിനുണ്ട്.

കമലഹാസൻ-മോഹൻലാൽ ചിത്രമായ 'ഉന്നൈ പോൽ ഒരുവൻ', അജിത്തിന്‍റെ 'ബില്ലാ 2' എന്നീ സിനിമകളിലൂടെ  ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ്  ' കൊലൈയുതിർ കാലം ' തിരക്കഥ രചിച്ച്  സംവിധാനം ചെയ്തിരിക്കുന്നത്. ഹൊറർ മൂടിലുള്ള ത്രില്ലറായ 'കൊലൈയുതിർ കാല'ത്തിൽ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അസീം മിശ്രയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ. കഴിഞ്ഞ മൂന്നു മാസമായി കോടതി വ്യവഹാരം, സ്റ്റേ എന്നിങ്ങനെ പല പല കാരണങ്ങളാൽ പ്രദർശനം നീണ്ട  'കൊലൈയുതിർ കാലം' പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് ആഗസ്റ്റ് 2 ന് പ്രദർശനത്തിനെത്തുന്നു. സിയാറാ ഫിലിം കമ്പനിയാണ്  കേരളത്തിൽ ചിത്രം  പ്രദർശനത്തിനെത്തിക്കുന്നത്.