നയൻതാര നായികയാകുന്ന  നിഴല്‍ എന്ന സിനിമയുടെ ട്രെയിലര്‍.

നയൻതാര വീണ്ടും അഭിനയിക്കുന്ന മലയാള ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയതാണ് നിഴല്‍. ഒട്ടേറെ അവാര്‍ഡുകള്‍ നേടി ശ്രദ്ധേയനായ എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു സസ്‍പെൻസ് ചിത്രമായിരിക്കും നിഴലെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

YouTube video player

ഒരു കുട്ടിയെയും സ്‍ത്രീയെയും കുറിച്ച് ഒരു കഥാപാത്രം പറയുന്നുണ്ട്. ആ സ്‍ത്രീ നയൻതാരയാണെന്ന് വ്യക്തം. അവരുടെ കഥയാണ് ചിത്രം പറയുന്നത് എന്നും സൂചന നല്‍കുന്നു. കുഞ്ചാക്കോ ബോബന്റെ മുഖത്ത് എന്താണ് വെച്ചിരിക്കുന്നത് എന്നതും ഒരു കഥാപാത്രം ചോദിക്കുന്നു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മികച്ചൊരു സസ്‍പെൻസ് ത്രില്ലറാകും നിഴലെന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന.

എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.