പേസ്റ്റൽ കളറാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരുടെ ധാരണകൾ തെറ്റി, പരമ്പരാഗത കുങ്കുമച്ചുവപ്പ് നിറത്തിലുള്ള സാരിയായിരുന്നു നയൻ ധരിച്ചത്. മരതകക്കല്ലിന്റെ ആഭരണങ്ങൾ കൂടിയായതോടെ തെന്നിന്ത്യൻ രാജകുമാരിയുടെ പ്രൗഡിക്ക് മാറ്റ് പിന്നെയും കൂടി

തെന്നിന്ത്യൻ താരറാണി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം തീരുമാനിച്ചെന്ന വാര്‍ത്ത പുറത്തുവന്നത് മുതൽ ആരാധകരുടെ കാത്തിരിക്കുകയായിരുന്നു ആ മുഹൂര്‍ത്തത്തിൽ നയൻ എങ്ങനെയായിരിക്കും അണിഞ്ഞൊരുങ്ങുക എന്നറിയാൻ. നയൻസിന്റെ പ്രിയപ്പെട്ട സാരിയായിരിക്കും കല്യാണ വേഷം എന്നതിൽ ആരാധകര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല, എന്നാൽ അത് ഏത് തരത്തിലായിരിക്കും എന്നതായിരുന്നു ആകാംഷ. മേക്കപ്പ്, ആഭരണങ്ങൾ, ഹെയര്‍സ്റ്റൈൽ എല്ലാം കാത്തിരുന്നവര്‍ക്ക് തീര്‍ത്തും മനസ്സ് നിറയുന്ന കാഴ്ചയായിരുന്നു വിക്കി പുറത്തുവിട്ട ചിത്രങ്ങൾ. 

പേസ്റ്റൽ കളറാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരുടെ ധാരണകൾ തെറ്റി, പരമ്പരാഗത കുങ്കുമച്ചുവപ്പ് നിറത്തിലുള്ള സാരിയായിരുന്നു നയൻ ധരിച്ചത്. മരതകക്കല്ലിന്റെ ആഭരണങ്ങൾ കൂടിയായതോടെ തെന്നിന്ത്യൻ രാജകുമാരിയുടെ പ്രൗഡിക്ക് മാറ്റ് പിന്നെയും കൂടി. ബോളിവുഡ് സ്റ്റൈലിസ്റ്റ് ഷലീന നതാനിയയും സംഘവുമാണ് നയൻതാരയുടെ ഔട്ട്ഫിറ്റുകൾ തിരഞ്ഞെടുത്തത്. ഡോളി ജെയിൻ ആയിരുന്നു സാരി ഉടുപ്പിച്ചത്. കാൻ ഫെസ്റ്റിൽ ദീപിക പദുക്കോണിനെ സാരിയുടിപ്പിച്ചത് ഡോളിയായിരുന്നു. മേക്കപ്പ് പുനീത് സെയ്നിയും ഹെയര്‍ സ്റ്റൈൽ അമിത് താക്കൂറും ഭംഗിയാക്കിയപ്പോൾ വേദിയിൽ നയൻ നക്ഷത്രമായി തിളങ്ങി. 

ജേഡ് എന്ന പ്രശസ്ത ഡിസൈനര്‍ സ്റ്റുഡിയോയുടെ മോനിക്ക, കരിഷ്മ എന്നീ ഡിസൈനര്‍മാരാണ് നയൻതാരയുടെ ചുവന്ന വസ്ത്രം ഡിസൈൻ ചെയ്തത്. വിക്കിയുടെ പാരമ്പര്യ വസ്ത്രമായ വേഷ്ടിയും കുര്‍ത്തയും ഷാളും ഒരുക്കിയതും ജേഡ് തന്നെ. കുങ്കുമച്ചുവപ്പ് സാരിയിൽ ഹോയ്സാല ക്ഷേത്രത്തിലെ ചിത്രപ്പണികളാണ് ചെയ്തിരിക്കുന്നത്. ബ്ലൗസിലെ സ്ലീവുകളിൽ തുന്നിയെടുത്തത് ലക്ഷ്മിദേവിയുടെ മോട്ടിഫാണ്. വിക്കിയുടെയും നയൻതാരയുടെയും പേരുകളും സാരിയിൽ തുന്നിച്ചേര്‍ത്തിരുന്നു. ഒപ്പം ഒരു വെയ്ൽ കൂടിയായതോടെ വിവാഹവേദിയിലേക്ക് നയൻ നടന്നടുക്കുന്ന ചിത്രം ആരാധകര്‍ കണ്ണെടുക്കാതെ നോക്കി നിന്നു.

Read More : വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ഫോട്ടോ പുറത്ത്