എന്റെ സ്വപ്‍നങ്ങള്‍ സ്വന്തം സ്വപ്‍നങ്ങളായി ഏറ്റെടുത്ത് അതിനെ പിന്തുണയ്ക്കുന്ന ഒരാള്‍ ഒപ്പം നടക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ സമാധാനം കിട്ടുമെന്ന് നയൻതാര പറയുന്നു.

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ആര്‍ക്കെന്ന് ചോദിച്ചാല്‍ ഉത്തരങ്ങളില്‍ ഒരുപക്ഷേ നയൻതാരയുമുണ്ടാകും. നയൻതാര നായികയായി എത്തിയ ചിത്രങ്ങളൊക്കെ ഹിറ്റാകുന്നു. നയൻതാരയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. എപ്പോഴും സന്തോഷത്തോടെയാണ് നയൻതാരയെ എല്ലാവരും കാണാറുള്ളത്. അതിന്റെ കാരണം തുറന്നുപറയുകയാണ് നയൻതാര.

ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം മനസ്സമാധാനമാണ്. അത് ചിലപ്പോള്‍ നല്‍കുന്നത് നമ്മുടെ അച്ഛനോ അമ്മയോ ആകാം അല്ലെങ്കില്‍ ഭാര്യയാകാം ഭര്‍ത്താവാകാം. ഇനി ചിലപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ പോലുമാകാം. എന്റെ സ്വപ്‍നങ്ങള്‍ സ്വന്തം സ്വപ്‍നങ്ങളായി ഏറ്റെടുത്ത് അതിനെ പിന്തുണയ്ക്കുന്ന ഒരാള്‍ ഒപ്പം നടക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ സമാധാനം കിട്ടും. അതാണ് ഇപ്പോള്‍ എപ്പോഴും സന്തോഷവതിയായി എന്നെ കാണാന്‍ കാരണം. ഇപ്പോള്‍ ഞാൻ ഏറെ സന്തോഷവതിയാണ്. അത് നിങ്ങള്‍ക്ക് എന്റെ മുഖത്ത് നിന്നും വായിച്ചറിയാന്‍ കഴിയുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്- നയൻതാര പറയുന്നു. കാമുകൻ വിഘ്‍നേശ് ശിവന്റെ പേര് എടുത്തുപറയാതെയായിരുന്നു പ്രണയം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് നയൻതാരയുടെ പ്രതികരണം. അതേസമയം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാറാണ് നയൻതാര നായികയായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.