തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയായിരിക്കും നയൻതാര. നിരവധി സിനിമകളാണ് നയൻതാര നായികയായി ഒരുങ്ങുന്നത്. തമിഴകത്ത് നിന്നുതന്നെയാണ് നയൻതാരയുടെ പുതിയ സിനിമ. നയൻതാര നായികയാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നേട്രികണ്‍ എന്നാണ് നയൻതാര നായികയാകുന്ന പുതിയ സിനിമയുടെ പേര്. രജനികാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ (മൂന്നാം കണ്ണ്) എന്ന പേര് തന്നെയാണ് നയൻതാരയുടെ സിനിമയ്‍ക്കും. മിലിൻഡ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ സിനിമയുടെ പേര് ഉപയോഗിക്കാൻ രജനികാന്ത് സമ്മതം നല്‍കിയിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വിഘ്‍നേശ് ശിവൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നയൻതാര അന്ധയായ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.