ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം

ഈ വര്‍ഷം മലയാള സിനിമയുടെ പ്രധാന നഷ്‍ടങ്ങളില്‍ ഒന്നായിരുന്നു നെടുമുടി വേണു (Nedumudi Venu). ശാരീരികമായ അവശതകള്‍ക്കിടയിലും സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം. അവസാനം അഭിനയിച്ച ചിത്രങ്ങളില്‍ ഒന്ന് മമ്മൂട്ടി (Mammootty) നായകനാവുന്ന 'ഭീഷ്‍മ പര്‍വ്വം' (Bheeshma Parvam) ആയിരുന്നു. മരണത്തിന് രണ്ടാഴ്ച മുന്‍പും ഈ ചിത്രത്തില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് മമ്മൂട്ടി പിന്നീട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നെടുമുടി വേണുവിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ഇരവിപ്പിള്ള' എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഏറ്റവുമൊടുവില്‍ പുറത്തെത്തിയ, മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലും ഒരു പ്രധാന വേഷത്തില്‍ നെടുമുടി ഉണ്ടായിരുന്നു. കോഴിക്കോട് സാമൂതിരിയായാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ അദ്ദേഹം എത്തിയത്. അതേസമയം ഭീഷ്‍മ പര്‍വ്വത്തിന്‍റെ പുറത്തെത്തുന്ന ആറാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് നെടുമുടിയുടേത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരുടെ കഥാപാത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെട്ടത്.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍റെ പേര് ഭീഷ്‍മ വര്‍ധന്‍ എന്നാണ്. ബിഗ് ബിയുടെ സീക്വല്‍ ആയ ബിലാല്‍ ആണ് അമല്‍ നീരദ് ചെയ്യാനായി പ്ലാന്‍ ചെയ്‍തിരുന്നതെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ഔട്ട്ഡോര്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളൊരു ചിത്രം സാധ്യമല്ലാത്തതിനാല്‍ മറ്റൊരു ചിത്രത്തിലേക്ക് കടക്കുകയായിരുന്നു.