നെടുമുടി വേണു അവസാനമായി അഭിനയിച്ച രംഗം.

മലയാളത്തിന്റെ മഹാനടൻ യാത്രയായിരിക്കുന്നു. നടൻ നെടുമുടി വേണുവിന്റെ (Nedumudi Venu) ഭൗതിക ശരീരവും അഗ്‍നി ഏറ്റുവാങ്ങി. പക്ഷേ നെടുമുടി അവിസ്‍മരണീയമാക്കിയ ചിത്രങ്ങളിലുടെ അദ്ദേഹം ജീവിക്കും. ഇപ്പോഴിതാ നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കോപം എന്ന ഒരു ചിത്രത്തിലാണ് നെടുമുടി വേണു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മുത്തച്ഛൻ കഥാപാത്രമായി കോപമെന്ന ചിത്രത്തില്‍ അഭിനയിച്ചുതീര്‍ത്ത ശേഷമാണ് നെടുമുടി വേണു ആശുപത്രിയില്‍ പ്രവേശിച്ചത്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് നെടുമുടി ആശംസകള്‍ നേരുന്ന ഭാഗമായിരുന്നു ഏറ്റവും ഒടുവില്‍ ചിത്രീകരിച്ചത്. ആരോഗ്യപരമായി അവശതയിലാണെങ്കിലും അഭിനയത്തില്‍ ഒട്ടും വിട്ടുവീഴ്‍ച കാണിക്കാത്ത നെടുമുടി വേണുവിനെയാണ് കെ മഹേന്ദ്രന്റെ സംവിധാനത്തിലുള്ള ദൃശ്യങ്ങളില്‍ കാണാനാകുന്നത്.

കെ മഹേന്ദ്രൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

ഇക്കഴിഞ്ഞ മൂന്നിന് ആയിരുന്നു ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ നെടുമുടി വേണു പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് ചിത്രീകരിച്ച കോപമെന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികളാണ് ഇനി ബാക്കിയുള്ളത്. നെടുമുടി വേണുവിന്റേതായി റിലീസിനുള്ള ചിത്രങ്ങള്‍ അഞ്ചിലധികം ഉണ്ട്. മോഹൻലാലിനൊപ്പം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മമ്മൂട്ടിക്കൊപ്പം പുഴു, ഭീഷ്‍മപര്‍വം, മഞ്‍ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജില്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ.