Asianet News MalayalamAsianet News Malayalam

സ്വാതിയുടെ കുബുദ്ധികള്‍ ശ്രീമംഗലത്തെ കുട്ടിച്ചോറാക്കുമ്പോള്‍; നീലക്കുയില്‍ റിവ്യു

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന നീലക്കുയില്‍ എന്ന പരമ്പരയുടെ റിവ്യു.

Neelakuyil serial review
Author
Thiruvananthapuram, First Published Dec 27, 2019, 6:18 PM IST

റാണി അവളുടെ കുട്ടിയെ ഇല്ലാതാക്കിയെന്നാണ് കൗസ്‍തൂഭത്തിലെ എല്ലാവരും വിശ്വസിക്കുന്നത്. കസ്‍തൂരിയും സ്വാതിയും കുറ്റവാളികള്‍ അല്ലെന്ന നിഗമനത്തിലാണ് എല്ലാവരും എത്തിയിരിക്കുന്നത്. റാണി, തന്നെ എല്ലാ അര്‍ത്ഥത്തിലും ചതിച്ചുകൊണ്ടിരിക്കയാണ് എന്നാണ് ആദിയും കരുതുന്നത്. രാധാമണി തന്റെ മകള്‍ തെറ്റുകാരിയാകാതിരിക്കാനായി ചെയ്‍ത പദ്ധതിയും റാണിക്ക് തിരിച്ചടിയായിരിക്കുകയാണ്. താനല്ല തെറ്റുകാരി എന്ന് റാണി ഉറക്കെയുറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും ആരുമത് ചെവിക്കൊള്ളുന്നില്ല. തന്നെ പ്രതിയാണെന്ന് ഊട്ടിയുറപ്പിച്ച അമ്മയേയും, ശാരിയാന്റിയേയും റാണി ഫോണ്‍ ചെയ്‍ത്  ശകാരിക്കുന്നുമുണ്ട്. തനിക്ക് ഇനി ഉപകാരങ്ങള്‍ ചെയ്യേണ്ടെന്നും, ചെയ്‍ത് തന്നതിന് വളരെ നന്ദിയുണ്ടെന്നും, നിങ്ങള്‍ കാരണം എനിക്കിവിടെ ജീവിക്കാന്‍ കഴിയാതെയായെന്നുമാണ് റാണി പറയുന്നത്.

റാണിക്ക് ശരണുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് രാധാമണി. മകള്‍ക്ക് ശരണുമായുള്ള ബന്ധമാണോ കുഞ്ഞിനെ നശിപ്പിക്കാന്‍ കാരണമെന്നാണ് രാധാമണിക്ക് അറിയേണ്ടത്. അതുതന്നെയാണ് ആദിയും കരുതുന്നതും അന്വേഷിക്കുന്നതും. റാണിയുടെ പിന്നാലെ അന്വേഷണത്തിനായി ആദി കൂട്ടുകാരനെ വിടുന്നുണ്ട്. എന്നാല്‍ അന്വേഷണങ്ങളെല്ലാംതന്നെ റാണിക്ക് പ്രതിസന്ധിയുണ്ടാകുന്ന തരത്തിലാണ് അവസാനിക്കുന്നതും.

കസ്‍തൂരി തന്റെ അച്ഛന്റെ അവിഹിതബന്ധത്തിലെ മകളാണ് എന്നറിഞ്ഞ അന്നുമുതല്‍ റാണി, കസ്‍തൂരിയെ വെറുക്കാന്‍ തുടങ്ങിയതാണ്. തന്റെ ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യയാണ് കസ്‍തൂരി എന്ന തിരിച്ചറിവും റാണിയെ അലട്ടുന്നുണ്ട്. അസൂയ കാരണം കസ്‍തൂരി തന്നെയാണ് തന്റെ കുട്ടിയെ ഇല്ലാതാക്കിയതെന്നാണ് റാണി വിശ്വസിക്കുന്നത്. തന്റെ റാണിചേച്ചിക്ക് സ്വന്തം കുട്ടിയെ നശിപ്പിക്കാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കസ്‍തൂരി. കസ്‍തൂരി റാണിയെ സ്‌നേഹിക്കുകയും, റാണിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ റാണി കസ്‍തൂരിക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെല്ലാംതന്നെ.

രാധാമണി പ്രബലന്‍ വക്കീലിനെ വിളിച്ച് സംസാരിക്കുന്നുണ്ട്. ശരണുമായി എന്തെങ്കിലും ബന്ധം റാണിക്കുണ്ടോയെന്നും, മറ്റും അന്വേഷിക്കണമെന്നാണ് രാധാമണി പറയുന്നത്. എന്നാല്‍ എല്ലാ അന്വേഷണങ്ങള്‍ക്കും മുമ്പ് വിവരങ്ങള്‍ ആദിയെ അറിയിക്കണം എന്നാണ് പ്രബലന്‍ പറയുന്നത്. അല്ലായെങ്കില്‍ നമ്മുടെ അന്വേഷണം കഴിയുമ്പോള്‍ ആദിയും റാണിയും ഒന്നിച്ചുണ്ടാവണമെന്നില്ലായെന്നും പ്രബലന്‍ പറയുന്നു. ശാരിയും അതുതന്നെയാണ് രാധാമണിയോട് പറയുന്നത്.

വീട്ടില്‍ മാലിനിയും വാസന്തിയും മറ്റും പറയുന്നത് പൊലീസില്‍ പരാതി കൊടുക്കണമെന്നാണ്. കുറ്റവാളി ആരുതന്നെയായാലും അവര്‍ ഇപ്പോള്‍ മാന്യരായി നടക്കുകയാണ്. റാണിയാണ് ചെയ്‍തതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നുമാണ് സംസാരം. ഇതെല്ലാം ഒളിഞ്ഞു കേള്‍ക്കുന്ന സ്വാതി ആകെ വെപ്രാളപ്പെടുകയാണ്. എല്ലാം കറങ്ങിത്തിരിഞ്ഞ് തന്റെ തലയില്‍ത്തന്നെ വരുമോയെന്നാണ് സ്വാതിയുടെ പേടി. കേസുകൊടുത്താല്‍ താന്‍ പിടിക്കപ്പെടുമെന്ന് സ്വാതിക്ക് നല്ല ഉറപ്പുണ്ട്. കേസു കൊടുക്കുന്നതിനെപ്പറ്റി ക്യാപ്റ്റനുമായി ബാലനും മാലിനിയുമെല്ലാം സംസാരിക്കുമ്പോള്‍, കേസ് കൊടുക്കേണ്ട എന്ന നിലപാടിലാണ് ക്യാപ്റ്റന്‍. കസ്‍തൂരിയെ രക്ഷിക്കാനാണോ ഈ നിലപാടെന്ന് എല്ലാവരും ചോദിക്കുമ്പോള്‍, നമ്മള്‍ വിചാരിക്കാത്ത ഒരാളെയാകും പൊലീസ് കൊണ്ടുപോവുകയെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. ഏതായാലും കേസ് നല്‍കുമെന്നാണ് ബാലനും മറ്റും പറയുന്നത്.

ആദിയുടെ അടുത്തുചെന്ന് സ്വാതി റാണിയെക്കുറിച്ച് സംസാരിക്കുകയാണ്. റാണി തന്നെയാണ് കുറ്റം ചെയ്‍തതെന്നും. എന്നാല്‍ കേസുകൊടുത്താല്‍ റാണിയെ അറസ്റ്റുചെയ്യുമെന്നും, അത്തരത്തിലെ പ്രശ്‌നങ്ങള്‍ നമ്മുടെ കുടുംബത്തിനുതന്നെ മാനക്കേടാകുമെന്നും സ്വാതി പറയുന്നുണ്ട്. എത്രയുംവേഗം ആദിചെന്ന് ബാലനേയും മറ്റും കേസ് കൊടുക്കുന്നതില്‍നിന്നും വിലക്കാനാണ് സ്വാതിയുടെ ഈ പ്രകടനം. എന്നാല്‍ ഇതെല്ലാം കണ്ടുനില്‍ക്കുന്ന കസ്‍തൂരിക്ക് വളരെയധികം സങ്കടം തോന്നുകയാണ്. റാണിയെ പുകച്ച് പുറത്തുചാടിക്കാനുള്ള സ്വാതിയുടെ അടവാണ് ഇതെന്നുമാണ് കസ്‍തൂരി മനസ്സില്‍ കരുതുന്നത്.

മാലിനിയും വാസന്തിയും മറ്റും കേസ് കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്നതിനിടയില്‍, ആദി അങ്ങോട്ട് വരുന്നു. കോടതിയില്‍പോയി പ്രബലന്‍ വക്കീലിനെക്കണ്ട് റാണിക്ക് ശരണുമായുള്ള ബന്ധത്തെപ്പറ്റി സംസാരിക്കാനാണ് ആദി പോകുന്നത്. മാലിനിയും മറ്റും ആദിയോട് കേസ് കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്നുണ്ട്. എന്നാല്‍ എന്റെ കുഞ്ഞിന്റെ ഘാതകനെ ഞാന്‍ രണ്ടു ദിവസംകൊണ്ടുതന്നെ കണ്ടെത്തുമെന്നും, അതിനായി ആരും ഇങ്ങോട്ട് പൊലീസിനെ വിളിക്കണ്ടെന്നും ആദി പറയുന്നു. ഇതെല്ലാം മറഞ്ഞുനിന്ന് കേള്‍ക്കുന്ന സ്വാതിക്ക് തന്റെ പ്ലാനുകള്‍ നല്ല രീതിയില്‍ പോകുന്നു എന്ന തോന്നലുണ്ടാകുന്നു.

റാണി ശരണിനെക്കാണാന്‍ കോടതിയിലേക്ക് പോകുന്നു. മാസ്സിയുടെ ജാമ്യത്തിന്റെ കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും മറ്റും പറയാനാണ് ശരണ്‍ റാണിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. ശരണും റാണിയും തമ്മില്‍ സംസാരിച്ചിരിക്കുന്നത് കാണുന്ന പ്രബലന്‍ വക്കീല്‍ അവരുടെ ബന്ധത്തില്‍ സംശയിക്കത്തക്ക ഒന്നുണ്ട് എന്ന് കരുതുകയാണ്. അതേസമയംതന്നെ പ്രബലന്‍ വക്കീലിനെ കാണാനായി ആദിയും കോടതിയിലെത്തുന്നു. എന്നാല്‍ റാണിയെ ആദി കാണുംമുന്നേതന്നെ പ്രബലന്‍ ആദിയെ സ്വന്തം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.  ഒരു ചുമരിന് അപ്പുറവും ഇപ്പുറവുമിരുന്ന് രണ്ടു കൂട്ടരും സംസാരിക്കുകയാണ്. റാണി പണ്ട് വിവാഹമോചനത്തിനായുള്ള പത്രം അയച്ചത് എന്തുകൊണ്ടാണെന്നാണ് ആദിക്ക് അറിയേണ്ടത്. എന്നാല്‍ അതിനെക്കുറിച്ചൊന്നും തനിക്ക് വലിയ അറിവില്ലെന്നാണ് പ്രബലന്‍ പറയുന്നത്. ആദി ആദിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പ്രബലനോട് പറയുന്നുണ്ട്. റാണിക്ക് ഒരു കാമുകന്‍ ഉണ്ടെന്നും അവന്റെ പേര് ശരണ്‍ എന്നാണെന്നുമെല്ലാം ആദി പറയുന്നുണ്ട്. എന്നാല്‍ താന്‍ തിരയുന്ന ശരണ്‍ ഒരു ചുമരിനപ്പുറം ഉണ്ടെന്ന യാഥാര്‍ത്ഥ്യം ആദി മനസ്സിലാക്കുന്നില്ല.

കൗസ്‍തൂഭത്തിലെ ചര്‍ച്ച പൊലീസില്‍ കേസ് കൊടുക്കുന്നതിനെപ്പറ്റിയാണ്. കസ്‍തൂരിയും സ്വാതിയും ആണോ കുറ്റവാളി എന്നറിയുന്നതുവരെ ക്യാപ്റ്റന്‍ മുന്നില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നമുക്ക് ക്യാപ്റ്റന്‍ ഇല്ലായെന്നാണ് എല്ലാവരും പറയുന്നത്. കേസ് കൊടുക്കുന്നതില്‍ എനിക്കും താല്‍പര്യമില്ലായെന്ന് രവി പറയുന്നു. കേസ് എത്തരത്തിലാണ് തെളിയിക്കപ്പെടുക എന്നതിലേക്ക് ഇനി ഒരുപാട് ദൂരമില്ല. കാത്തിരുന്ന് കാണാം.

Follow Us:
Download App:
  • android
  • ios