ബഷീറിന്‍റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കള്‍ ആയിരിക്കും
ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഇതേ പേരിലുള്ള പ്രശസ്ത ചെറുകഥയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. ഈ പ്ലോട്ടിനെ ലളിതമായി ആവിഷ്കരിക്കുന്ന ഒന്നാണ് ഫസ്റ്റ് ലുക്ക്. പോപ്പ്കോണ്‍ ആണ് ഡിസൈന്‍.
ബഷീറിന്‍റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കള്‍ ആയിരിക്കും. കഥയെ അധികരിച്ചുള്ളതായിരിക്കുമ്പോള്‍ത്തന്നെ അത് സംവിധായകന്‍റെ വെര്‍ഷനും ആയിരിക്കും. അതേസമയം 'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാര്‍ഗ്ഗവീനിലയം' എന്ന പേരില്‍ എ വിന്‍സെന്‍റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഏകാന്തതയുടെ അപാരതീരം' എന്നുതുടങ്ങുന്ന പ്രശസ്തഗാനം ഈ ചിത്രത്തിലേതാണ്. എം എസ് ബാബുരാജിന്‍റേതായിരുന്നു സംഗീതം. ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു.
നാരദനു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു വര്‍ഷം മുന്‍പ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണിത്. ഒപ്പം കുഞ്ചാക്കോ ബോബനും താരനിര്‍ണ്ണയത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മറ്റു പല ചിത്രങ്ങളുടെയും ഷെഡ്യൂളുകള്‍ നീണ്ടതോടെ പൃഥ്വിരാജും ചാക്കോച്ചനും ചിത്രത്തില്‍ നിന്നു പിന്മാറി. ടൊവീനോയ്ക്കൊപ്പം റോഷന്‍ മാത്യൂസും ഷൈന്‍ ടോം ചാക്കോയും റിമ കല്ലിങ്കലും ചിത്രത്തില്‍ ഉണ്ടാവും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ടൊവീനോയും ആഷിക്കും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. മായാനദി, വൈറസ്, നാരദന്‍ എന്നിവയായിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ മൂന്ന് ചിത്രങ്ങള്‍.
ALSO READ : 'പൃഥ്വിരാജ് സാറിന് നന്ദി'; നെറ്റ്ഫ്ലിക്സ് റിലീസിലും ജന ഗണ മനയ്ക്ക് മികച്ച പ്രതികരണം
