സത്യം പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയാണ് നീന ഗുപ്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡിലെ മുന്‍നിര താരമാണ് നീന ഗുപ്ത(Neena Gupta ). നടിയുടെ ഫാഷൻ സെൻസ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പ്രശംസയോടൊപ്പം തന്നെ വിമർശനങ്ങളും ഉയരാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ താരം വകവയ്ക്കാറുമില്ല. ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നീന ഗുപ്ത. കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ഡ്രസ് ധരിച്ചാണ് നീന വസ്ത്രധാരണത്തിൻമേലുള്ള മുൻവിധികളെക്കുറിച്ച് പറയുന്നത്.

സത്യം പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയാണ് നീന ഗുപ്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്.''ഈ വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ സെക്‌സിയായ വസ്ത്രം ധരിക്കുന്നവരെ, ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത് പോലെ, ഒന്നിനും കൊളളാത്തവരായാണ് സമൂഹം കാണുന്നത്. എന്നാല്‍ അത് തെറ്റാണ്. ഞാന്‍ സംസ്‌കൃതത്തില്‍ എംഫിൽ ചെയ്ത ആളാണ്. പിന്നേയും ഒരുപാട് നേട്ടങ്ങളുണ്ട്. അതിനാല്‍ വസ്ത്രം നോക്കി ഒരാളെ വിധിക്കരുത്. ട്രോളുണ്ടാക്കുന്നവര്‍ മനസിലാക്കിക്കോളൂ'' എന്നായിരുന്നു നീന ഗുപ്ത പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. 

View post on Instagram

അതേസമയം, രണ്‍വീര്‍ സിംഗ് നായകനായി എത്തിയ 83യിലാണ് നീന ഒടുവില്‍ സ്‌ക്രീനില്‍ എത്തിയത്. ഊഞ്ചായി, ഗുഡ്‌ബൈ തുടങ്ങിയ സിനിമകളാണ് നീന ഗുപ്തയുടേതായി അണിയറിയലൊരുങ്ങുന്നത്. മകള്‍ മസാബ ഗുപ്തയോടൊപ്പം അഭിനയിക്കുന്ന മസാബ മസാബ എന്ന സീരീസും നീനയുടേതായി ഒരുങ്ങുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാമന്തയും രംഗത്തെത്തിയിരുന്നു. വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നായിരുന്നു സാമന്ത കുറിച്ചത്. ഇനിയെങ്കിലും സ്ത്രീകളെ വിലയിരുത്താതെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമന്ത സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ താരം പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ സാമന്ത ധരിച്ച പച്ച നിറത്തിലുള്ള ഗൗണിനെതിരെ വിദ്വേഷ കമന്റുകള്‍ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണമായിരുന്നു താരത്തിന്റെ സ്റ്റോറി. 

സാമന്തയുടെ വാക്കുകൾ

ഒരു സ്ത്രീയെന്ന നിലയില്‍ വിധിക്കപ്പെടുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിക്കറിയാം. സ്ത്രീകളെ പല തരത്തില്‍ വിലയിരുത്താറുണ്ട്. അവര്‍ എന്താണ് ധരിക്കുന്നത്, വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്. ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്താതെ നമ്മെ തന്നെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലേ. ആ വിലയിരുത്തലുകള്‍ ഉള്ളിലേക്ക് തിരിച്ച് സ്വയം വിലയിരുത്തല്‍ നടത്തുന്നതാണ് പരിണാമം. നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കില്ല. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം.