Asianet News MalayalamAsianet News Malayalam

ഞാൻ ഇവിടെ അപ്രസക്തനാണ്, ഇതെന്റെ വേദിയല്ല...അമ്മയുടെ വേദിയാണ്, ലതാ മാധവന്റെ നൃത്തത്തെ കുറിച്ച് മകൻ നീരജ് മാധവ്

അമ്മ ലത മാധവന്റെ നൃത്തത്തെ കുറിച്ച് മകൻ നീരജ് മാധവ്.

 

Neeraj Madhavan speaks about his mothers dance
Author
Kannur, First Published Oct 9, 2019, 1:26 PM IST

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന നടനാണ് നീരജ് മാധവ്. അമ്മ ലത മാധവന്റെ നൃത്തത്തെ കുറിച്ചാണ് നീരജ് മാധവന് പറയാനുള്ളത്. സാമൂഹ്യമാധ്യമത്തിലൂടെ നീരജ് മാധവൻ ഇക്കാര്യം പറയുന്നത്. സ്‍കൂള്‍ യുവജനോത്സവം മുതല്‍ സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയ കലാകാരിയാണ് ലത മാധവൻ.  ഒരു തവണ പോലും അടവും താളവും പിഴക്കാതെയായിരുന്നു അമ്മയുടെ നൃത്തമെന്നും നീരജ് മാധവ് പറയുന്നു.


നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമ്മയുടെ ഭരതനാട്യം പെർഫോമൻസ് കുറെ നാളുകൾക്കു ശേഷമാണ് നേരിൽ കാണാൻ തരപ്പെട്ടത്! തീർത്തും മനസ്സ് നിറഞ്ഞ ഒരനുഭവമായിരുന്നു അത്. ഇടയ്ക്കെപ്പഴോ അമ്മ ഇത്ര നല്ലൊരു നർത്തകിയായിരുന്നു എന്ന കാര്യം മറന്നുപോയോ എന്ന് ഞാൻ സ്വയം ചോദിച്ചു. പറയുവാൻ കുറച്ചധികമുണ്ട്.

പണ്ട് സ്‌കൂൾ യുവജനോത്സവം മുതൽക്കു തന്നെ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അമ്മ പിന്നീട് വിവാഹ ശേഷം എന്റെയും, പിറകെ അനിയന്റെയും കടന്നുവരവോടുകൂടി നൃത്തലോകത്തു നിന്ന് താത്കാലികമായി ഒന്ന് വിരമിച്ചു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയൊന്നുമായിരുന്നില്ല, അച്ഛനാണെങ്കിൽ അമ്മ ഡാൻസ് ചെയ്യുന്നത് ബഹുതാല്‍പര്യമായിരുന്നു താനും. പക്ഷേ എന്നെയും അനിയനെയും വളർത്തിയെടുക്കൽ അത്ര എളുപ്പമുള്ള ഒരു പരിപാടി ആയിരുന്നില്ല. എന്തായാലും ഞങ്ങളെ ഡാൻസും ചെണ്ടയുമൊക്കെ പഠിപ്പിച്ചു അതിലൂടെ അവർ ആനന്ദം കണ്ടെത്തിപ്പോന്നു.

പിന്നീട് സ്‌കൂളിൽ ടീച്ചർ ആയി പ്രവേശിച്ചതിന് ശേഷം, കെമിസ്ട്രി ആയിരുന്നു അമ്മയുടെ സബ്‍ജക്ട്. ഒരു നേരമ്പോക്കെന്ന വണ്ണം എന്നോടൊപ്പം വീണ്ടും നൃത്തം പഠിക്കാൻ ചേർന്നു. കലാമണ്ഡലം സരസ്വതി ടീച്ചറുടെയും അവരുടെ മകൾ അശ്വതി ടീച്ചരുടെയും അടുത്ത് ഞങ്ങൾ ഭരതനാട്യം അഭ്യസിച്ചു. എന്റെ അരങ്ങേറ്റത്തിന് ഗുരുവായൂരിൽ വെച്ചു അമ്മയും ഒരു പദം അവതരിപിച്ചു. സ്‍കൂൾ കഴിഞ്ഞു കോളേജിലെത്തിയപ്പോൾ എന്റെ താല്‍പര്യം ഹിപ്ഹോപിലേക്കും മറ്റു വെസ്റ്റേണ്‍ ശൈലികളിലേക്കും തിരിഞ്ഞു, അമ്മ വീണ്ടും ഒറ്റയ്ക്കായി. എങ്കിലും ഒറ്റയ്ക്കുള്ള പോരാട്ടം നിർത്തിയില്ല കേട്ടോ. സമയം കിട്ടുമ്പോഴൊക്കെ നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ഏതാനും ചില വേദികളിൽ അവതരിപ്പിക്കുകയും ചെയ്‍തുപോന്നു.

ഞാൻ സിനിമയിൽ എത്തി സ്വല്‍പം തിരക്കിലായ ശേഷം വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. അമ്മ ടീച്ചറായിരുന്ന സ്‌കൂളിലും മറ്റും എന്തെങ്കിലും പരിപാടിക്ക് പെർഫോം ചെയ്യുന്ന ഫോട്ടോയൊക്കെ ഇടയ്‍ക്ക് വാട്‍സ്ആപ്പിൽ അയച്ചുതരും, ഞാൻ കൊള്ളാമെന്നും പറയും. ഈയിടെ വീട്ടിൽ ചെന്നപ്പോൾ സ്‌കൂൾ വിട്ടു വന്നു ചായ കുടിച്ചയുടനെ ഡാൻസ് ക്ലാസ്സിലേക്ക് ധൃതിപ്പെട്ട് ഓടുകയായിരുന്നു അമ്മ. ചോദിച്ചപ്പോൾ ദീപ്‍തി എന്നൊരു പുതിയ ടീച്ചറുടെ അടുക്കൽ ഇപ്പോൾ നൃത്തം പഠിക്കുന്നുണ്ടെന്നും അടുത്ത മാസം അവരുടെ വാര്‍ഷികത്തിന് പെർഫോം ചെയ്യുന്നുണ്ടെന്നും ഇപ്പോൾ രാപകൽ പ്രാക്റ്റീസ് ആണെന്ന് ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. പിന്നീട് ബോംബെയിലായിരുന്നപ്പോൾ ഫോണിൽ വിളിച്ചു പരിപാടി കാണാൻ നീയെന്തായാലും വരണമെന്ന് അമ്മ പറഞ്ഞു. ഞാനും ഓർത്തു എത്ര കാലമായി അമ്മ സ്റ്റേജിൽ പെർഫോം ചെയ്‍തു കണ്ടിട്ട്, എന്തായാലും പോവാൻ തന്നെ തീരുമാനിച്ചു.

അങ്ങനെ ഇന്നലെ കുടുംബ സമേതം പരിപാടി കാണാൻ ചെന്നു. ബാക്ക്സ്റ്റേജിൽ കുട്ടികളെ പോലെ ആവേശത്തുടിപ്പിൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. പിന്നീട് വേദിയിൽ വന്ന് ചുവട് വെച്ചപ്പോൾ ഞാൻ തികച്ചും അമ്പരന്നു. ഒപ്പമുണ്ടായിരുന്ന ഹൈസ്‌കൂൾ കുട്ടികളോടൊപ്പം അതേ ചുറുചുറുക്കിൽ അമ്മ ഉത്സാഹിച്ചു ചുവടുവച്ചു. ഒരു തവണ പോലും അടവും താളവും പിഴക്കാതെ, അഴകോടെ...കണ്ടുകൊണ്ടിരിക്കെ എന്റെ ഭാര്യ ദീപ്‌തി ചെവിയിൽ പറഞ്ഞു, "ഒരു രക്ഷയുമില്ല, she’s too good!” ശേഷം വേദിയിൽ സംസാരിക്കാൻ വിളിച്ചപ്പോൾ എന്റെ തൊണ്ടയിടറി, വാക്കുകൾ കൂട്ടിച്ചേർക്കാൻ ഞാൻ പാടുപെട്ടു, ഒടുവിൽ ഞാനിങ്ങനെ പറഞ്ഞു നിർത്തി... " ഞാനധികമൊന്നും പറയുന്നില്ല, കാരണം ഞാൻ ഇവിടെ അപ്രസക്തനാണ്, ഇതെന്റെ വേദിയല്ല...അമ്മയുടെ വേദിയാണ്!" ഇത് കേട്ട് കൊണ്ട് സ്റ്റേജിന്റെ സൈഡ് കാർട്ടനു പിറകിൽ കോസ്ട്യുമും മേക്കപ്പുമൊക്കെ അണിഞ്ഞ് സുന്ദരികുട്ടിയായി എന്റെ അമ്മ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...

Follow Us:
Download App:
  • android
  • ios