ഒക്ടോബര്‍ 19 നാണ് വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ലിയോയുടെ തിയട്രിക്കല്‍ റിലീസ്
തമിഴകത്തിന് പുറത്തും ഏറെ ആരാധകരുള്ള തമിഴ് സൂപ്പര്‍താരങ്ങളില്‍ പെട്ട ആളാണ് ദളപതി വിജയ്. കേരളത്തിലും തെലുങ്ക് സംസ്ഥാനങ്ങളിലും വിജയ് ആരാധകര്‍ വലിയ അംഗബലമുള്ള കൂട്ടമാണ്. അതിനാല്‍ത്തന്നെ വിജയിയുടേതായി എത്തുന്ന പുതിയ ശ്രദ്ധേയ പ്രോജക്റ്റുകള്‍ക്ക് ഈ മാര്‍ക്കറ്റുകളില്‍ ചോദിക്കുന്ന വിതരണാവകാശ തുകയും ഉയര്‍ന്നതാണ്. വിജയിയുടെ വരാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് ലഭിക്കുന്ന തെലുങ്ക് വിതരണാവകാശ തുക അതിന്‍റെ വലിപ്പം കൊണ്ട് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നേരത്തേ പറഞ്ഞ അത്രയും നല്‍കാനാവില്ലെന്ന് പറഞ്ഞിരിക്കുകയാണ് അവിടുത്തെ വിതരണക്കാര്‍.
ഒക്ടോബര്‍ 19 നാണ് വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ലിയോയുടെ തിയട്രിക്കല്‍ റിലീസ്. അതായത് പൂജ അവധിദിനങ്ങള്‍ ലക്ഷ്യമാക്കിയുള്ള റിലീസ് ആണിത്. തെലുങ്കില്‍ നിന്ന് മറ്റ് പ്രധാന റിലീസുകള്‍ കൂടി ഇതേ സീസണില്‍ എത്താനുണ്ട് എന്നതാണ് വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. നന്ദമുറി ബാലകൃഷ്ണയുടെ ഭഗവന്ദ് കേസരി, രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവു എന്നിവയാണ് അവ. തെലുങ്ക് സംസ്ഥാനങ്ങളിലെ വിജയിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റ് വാരിസ് (തെലുങ്കില്‍ വാരസുഡു) ആയിരുന്നു. അതിനാല്‍ത്തന്നെ വലിയ തുകയാണ് ലിയോയുടെ തെലുങ്ക് റൈറ്റ്സിനായി നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നത്.
27 കോടിക്ക് അവിടുത്തെ പ്രമുഖ നിര്‍മ്മാതാവ് എന്‍ നാഗ വംശിയാണ് അവിടുത്തെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ രണ്ട് തെലുങ്ക് താരചിത്രങ്ങള്‍ കൂടി ഒപ്പമെത്തുന്നതിനാല്‍ വിതരണാവകാശ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നാഗ വംശി. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലു അര്‍ജുന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം അല വൈകുണ്ഠപുരമുലോ അടക്കം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആണ് നാഗ വംശി.
