കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍  പല രാജ്യങ്ങളിലും സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും നിർത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഓസ്ട്രേലിയയില്‍ ഒരു സീരിയലിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.  'നെയ്‌ബേഴ്‌സ്'  എന്ന സീരിയലിന്‍റെ ഷൂട്ടിങ്ങാണ് കര്‍ശന നിയന്ത്രങ്ങളോടെ ആരംഭിച്ചത്. 

ചുംബനം, ആലിംഗനം , ആക്ഷന്‍ രംഗങ്ങള്‍ എന്നിവയില്ലാതെയാണ് സീരിയല്‍ ഷൂട്ടിംഗ് നടക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

35 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലാണിത്. സീരിയലിന്‍റെ സ്‌ക്രിപ്റ്റ് തന്നെ മാറ്റി എഴുതുകയും ചെയ്തു. അഭിനേതാക്കള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്ന രീതിയിലാണ്  രംഗങ്ങള്‍ മാറ്റി എഴുതിയിരിക്കുന്നത്. 

 

അഭിനേതാക്കള്‍ കഴിയുന്നിടത്തോളം സ്വന്തമായി തന്നെ മേക്കപ്പ് ചെയ്യാനും നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെറ്റില്‍ എത്തുന്ന അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും താപനില പരിശോധിക്കും. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്നും സീരിയലിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതികരിച്ചു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

 

Also read: ചുംബിക്കാന്‍ അടുത്ത് വരും, പക്ഷേ.., സീരിയല്‍ ഷൂട്ടിംഗ് തുടങ്ങി; മാറ്റങ്ങളിങ്ങനെ...