ഓഡിയോ ലോഞ്ചില്‍ രജനിയാണ് മമ്മൂട്ടിയുടെ പേര് പറയാതെ ആ കാസ്റ്റിംഗ് ആശയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും പുതിയ സംസാരവിഷയം ജയിലര്‍ ആണ്. പേട്ടയ്ക്ക് ശേഷം രജനി ആരാധകരെ ഇത്രത്തോളം തൃപ്തിപ്പെടുത്തിയ ഒരു ചിത്രമില്ല. എന്നാല്‍ രജനികാന്ത് ആരാധകരെ മാത്രമല്ല, മലയാളി, കന്നഡ സിനിമാപ്രേമികളെ സംബന്ധിച്ച് ജയിലര്‍ ഏറെ പ്രത്യേകതയുള്ള ഒരു രജനി ചിത്രമാവാന്‍ കാരണം അതിലെ മോഹന്‍ലാലിന്‍റെയും ശിവ രാജ്‌‍കുമാറിന്‍റെയും അതിഥി വേഷങ്ങളാണ്. ചിത്രത്തിലെ പ്രതിനായകനായെത്തിയിരിക്കുന്നത് വിനായകനാണ് എന്നതും മലയാളികള്‍ക്ക് ചിത്രത്തോടുള്ള അടുപ്പം കൂട്ടുന്ന ഘടകമാണ്. ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന വില്ലനായി ആദ്യം മമ്മൂട്ടിയെ പരിഗണിച്ചിരുന്നു എന്നത് ജയിലര്‍ ഓഡിയോ ലോഞ്ചിന് ശേഷം സിനിമാപ്രേമികള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ പേര് പറയാതെ രജനി തന്നെയാണ് ഇക്കാര്യം ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. അതേ വേദിയില്‍ നിന്നുള്ള സംവിധായകന്‍ സെല്‍സന്‍റെ ചുണ്ടിന്‍റെ ചലനം വച്ചാണ് അത് മമ്മൂട്ടിയാണെന്ന കാര്യം സിനിമാപ്രേമികള്‍ അറിഞ്ഞത്. ആ വീഡിയോ വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയതിന് ശേഷം നല്‍കിയ ആദ്യ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് നെല്‍സണ്‍.

വിനായകന്‍റെ റോളിലേക്ക് ആദ്യം മമ്മൂട്ടിയെ അല്ലേ പരിഗണിച്ചിരുന്നതെന്ന ചോദ്യത്തിന് നെല്‍സന്‍റെ മറുപടി ഇങ്ങനെ- "മമ്മൂട്ടി സാര്‍ തന്നെ വേണം എന്ന നിലയ്ക്കല്ല ആലോചിച്ചത്. മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ വന്നിരുന്നെങ്കില്‍ ആ റോള്‍ ഇപ്പോഴത്തേത് പോലെ ആവില്ലായിരുന്നു. ഇപ്പോഴത്തെ ജയിലറിലെ ആ റോളില്‍ ഒരു പുതുമ ഉണ്ട്, നെല്‍സണ്‍ പറയുന്നു. 

തമിഴ്, മലയാളം, കന്നഡ, ഹിന്ദി (ജാക്കി ഷ്രോഫ്) താരങ്ങളെല്ലാം ഉള്ള ചിത്രത്തില്‍ തെലുങ്കില്‍ നിന്ന് ഒരു താരമില്ല. തെലുങ്ക് താരം ബാലകൃഷ്ണയെ അഭിനയിപ്പിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നെന്ന് നെല്‍സണ്‍ പറയുന്നു. "തെലുങ്കില്‍ നിന്ന് ബാലകൃഷ്ണ സാറിനെ കൊണ്ടുവരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എവിടെയെങ്കിലും അത്തരത്തിലുള്ള ഒരു സീന്‍ കൊണ്ടുവരാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹം സമ്മതിക്കുമായിരുന്നോ എന്ന് അറിയില്ല. പക്ഷേ അത്തരം ഒരു കഥാപാത്രത്തിന് സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സമീപിച്ചേനെ. ഒരു പൊലീസുകാരന്‍റെ കഥാപാത്രം മനസിലുണ്ടായിരുന്നു. പക്ഷേ ആ കഥാപാത്രത്തിന് ഒരു തുടക്കവും ഒടുക്കവും കൊണ്ടുവരാന്‍ പറ്റിയില്ല", നെല്‍സണ്‍ പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സന്‍റെ പ്രതികരണം.

അതേസമയം ചിത്രത്തിലെ വില്ലന്‍റെ കാസ്റ്റിംഗിനെക്കുറിച്ച് ഓഡിയോ ലോഞ്ചില്‍ രജനികാന്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു- "ഒരു പേര് സജക്ഷനിലേക്ക് വന്നു. വലിയ സ്റ്റാറാണ്. വളരെ മികച്ച, കഴിവുള്ള ആര്‍ട്ടിസ്റ്റ്. എന്‍റെ നല്ല സുഹൃത്ത്. അദ്ദേഹം ചെയ്താല്‍ എങ്ങനെ ഉണ്ടാവുമെന്ന് നെല്‍സണ്‍ ചോദിച്ചു. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. സാറിന്‍റെ നല്ല സുഹൃത്തല്ലേ, സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ പിന്നെ ഫോളോ അപ്പ് ചെയ്തേക്കാമെന്ന് നെല്‍സണ്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ച് ഈ റോളിന്‍റെ കാര്യം സംസാരിച്ചു. വില്ലന്‍ കഥാപാത്രമാണ് പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ്, നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും, ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് പറഞ്ഞു. ഇത് കേട്ട് സംവിധായകനോട് വന്ന് കഥ പറയാന്‍ എന്നോട് അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ സന്തോഷം ആയി. അദ്ദേഹം സമ്മതിച്ച കാര്യം ഞാന്‍ നെല്‍സനോട് പറഞ്ഞു. നെല്‍സണ് ചില തിരക്കുകള്‍ ഉണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ പോയി കാണാമെന്ന് സമ്മതിച്ചു. പക്ഷേ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. കഥാപാത്രം ഇങ്ങനെയാണ്, എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു. ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ വന്നു. ഞാന്‍ എന്ത് ചിന്തിച്ചോ അത് തന്നെ അദ്ദേഹവും പറഞ്ഞു. പിന്നാലെ വിനായകന്റെ ഗെറ്റപ്പ് എന്നെ കാണിക്കുകയായിരുന്നു", രജനിയുടെ വാക്കുകള്‍. അതേസമയം വിനായകന്‍റെ പ്രകടനത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.

ALSO READ : ഒപ്പം 'ശിവണ്ണ'; കര്‍ണാടകത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് രജനി! റിലീസ് ദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം