പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആ അപ്ഡേറ്റ് എപ്പോള്‍? നിര്‍മ്മാതാക്കളുടെ തീരുമാനം അറിയിച്ച് നെല്‍സണ്‍
ആനന്ദ വികടന്‍ സിനിമാ അവാര്‍ഡ്‍സ് വേദിയിലാണ് നെല്‍സന്‍റെ പ്രതികരണം
സമീപകാല തമിഴ് സിനിമയിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു 2023 ല്‍ പുറത്തെത്തിയ ജയിലര്‍. തമിഴ് സംവിധായക യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ നെല്‍സണ്‍ ദിലീപ്‍കുമാര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ അതിഥി വേഷങ്ങളും തിയറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. ഒപ്പം പ്രതിനായക വേഷത്തില്‍ വിനായകനും കൈയടി നേടി. ചിത്രം വന്‍ വിജയമായതിന് പിന്നാലെ ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തിരുന്നു. പിന്നാലെ അത്തരത്തില്‍ ഒരു ചിത്രം പ്ലാനിംഗില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ എത്തി. ഇപ്പോഴിതാ അത് സംബന്ധിച്ച ഒരു ഒഫിഷ്യല്‍ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ആനന്ദ വികടന്‍ സിനിമാ അവാര്‍ഡ്‍സ് വേദിയിലാണ് ഇത് സംബന്ധിച്ച നെല്‍സന്‍റെ പ്രതികരണം. എല്ലാവരും കാത്തിരിക്കുന്ന അപ്ഡേറ്റ് എപ്പോള്‍ എന്ന അവതാരകരുടെ ചോദ്യത്തിന് ഒരു മാസത്തിനുള്ളില്‍ അത് ഉണ്ടാവുമെന്നാണ് നെല്‍സന്‍റെ മറുപടി. "എല്ലാം തീരുമാനമായി. നിര്‍മ്മാണ കമ്പനി തന്നെ അക്കാര്യം ഒഫിഷ്യല്‍ ആയി അറിയിക്കും", നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ വാക്കുകള്‍.
ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. ഇതില്‍ ജയിലറില്‍ രജനികാന്തിന്‍റെ പഞ്ച് ഡയലോഗിനൊപ്പം വന്ന ഹുക്കും എന്ന വാക്ക് പേരായി വരുന്നതിനോടാണ് അണിയറക്കാരില്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യമെന്നും ചില റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നാണ് അറിയുന്നത്. അതേസമയം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും അടക്കമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവുമോ എന്ന് അറിവായിട്ടില്ല.
ALSO READ : നാട്യങ്ങളില്ലാത്ത ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍; 'ഭരതനാട്യം' റിവ്യൂ