ആഗോള ബോക്സ് ഓഫീസില്‍ 600 കോടിയിലേറെ നേടിയിരുന്നു ജയിലര്‍
തമിഴ് സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാമത്തെ മികച്ച വിജയമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. മോഹന്‍ലാല്‍, ശിവരാജ്‍കുമാര്‍ അടക്കമുള്ള അതിഥിവേഷങ്ങളും ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഒപ്പം വിനായകന്‍റെ വില്ലന്‍ വേഷവും. ഒരു രണ്ടാം ഭാഗത്തിനുള്ള വഴിമരുന്ന് നെല്‍സണ്‍ ജയിലറില്‍ ഇട്ടിരുന്നു. പിന്നീട് അണിയറക്കാര്‍ അത് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സീക്വല്‍ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുകയാണ്. നെല്‍സണ്‍ ഈ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചന ആരംഭിച്ചു എന്നതാണ് അത്.
വിനായകന്‍ അവതരിപ്പിച്ച വര്‍മനെ രജനിയുടെ മുത്തുവേല്‍ പാണ്ഡ്യന്‍ ഇല്ലാതാക്കുന്നതായിരുന്നു ജയിലറിന്‍റെ ക്ലൈമാക്സ്. വര്‍മനെ പിന്തുണയ്ക്കുന്നവരുടെ മുത്തുവേല്‍ പാണ്ഡ്യനോടുള്ള പ്രതികാരമായിരിക്കും ജയിലര്‍ 2 എന്നാണ് പുറത്തെത്തുന്ന ചില റിപ്പോര്‍ട്ടുകള്‍. മറ്റൊരു കൗതുകകരമായ വിവരം നയന്‍താരയും ഈ ചിത്രത്തില്‍ ഭാഗമായേക്കും എന്നതാണ്. നയന്‍താര നായികയായ കോലമാവ് കോകില എന്ന ചിത്രത്തിലൂടെയായിരുന്നു നെല്‍സന്‍റെ സംവിധാന അരങ്ങേറ്റം. ചിത്രത്തിലെ കോകില എന്ന കഥാപാത്രമായിത്തന്നെയാവും നയന്‍താര ജയിലര്‍ 2 ല്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇത് ശരിയെങ്കില്‍ രജനിക്കൊപ്പം നയന്‍താര എത്തുന്ന ആറാമത് ചിത്രമായിരിക്കും ജയിലര്‍ 2. നയന്‍താരയുടെ പ്രാതിനിധ്യം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍ ഒരു സിനിമാറ്റിക് യൂണിവേഴ്സ് (നെല്‍സണ്‍ സിനിമാറ്റിക് യൂണിവേഴ്സ്) ഒരുക്കാനുള്ള നീക്കത്തിലാണോ നെല്‍സണ്‍ എന്ന സംശയം തമിഴ് സിനിമാപ്രേമികള്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം മോഹന്‍ലാലിന്‍റെ മാത്യു ജയിലര്‍ 2 ല്‍ ഉണ്ടാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. ആഗോള ബോക്സ് ഓഫീസില്‍ 600 കോടിയിലേറെ നേടിയ ജയിലര്‍ കേരളത്തിലും മികച്ച വിജയമാണ് നേടിയത്. മോഹന്‍ലാലിന്‍റെയും വിനായകന്‍റെയും സാന്നിധ്യം ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു.
ALSO READ : 'വിജയമോഹന്‍റെ' വാദം അഞ്ച് ഭാഷകളില്‍ കാണാം; 'നേര്' സ്ട്രീമിംഗ് ആരംഭിച്ചു
