Asianet News MalayalamAsianet News Malayalam

ശ്രീനാഥ് ഭാസിയുടെ 'ഡോ. ആബിദ് റഹ്മാന്‍' സമ്പൂര്‍ണ്ണ പരാജയമെന്ന് വിമര്‍ശിക്കുന്നവരോട് ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത്

വൈറസിൽ ഏറ്റവും കൂടുതൽ റിലേറ്റ്‌ ചെയ്തതും കൺവിൻസിങ്ങായി തോന്നിയതും ഭാസിയുടെ ആബിദ് എന്ന ജൂണിയർ റസിഡന്റ്‌ ഡോക്ടറായിരുന്നുവെന്ന് ഡോ. നെൽസൺ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 

Nelson Josephs facebook post about Sreenath Bhasi's character in virus
Author
Kochi, First Published Jun 8, 2019, 7:45 PM IST

കേരളത്തെ ഭീത്തിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘വൈറസ്’. ചിത്രത്തിൽ ഡോ. ആബിദ്‌ റഹ്മാന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ ശ്രീനാഥ്‌ ഭാസി ആണ്. എന്നാൽ ഭാസിയുടെ കഥാപാത്രം സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് പ്രേക്ഷകരിൽ‌ ഒരാൾ അഭിപ്രായപ്പെട്ടതിനെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വൈറസിൽ ഏറ്റവും കൂടുതൽ റിലേറ്റ്‌ ചെയ്തതും കൺവിൻസിങ്ങായി തോന്നിയതും ഭാസിയുടെ ആബിദെന്ന ജൂണിയർ റസിഡന്റ്‌ ഡോക്ടറായിരുന്നുവെന്ന് ഡോ. നെൽസൺ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം; 

ഇത്‌ വൈറസിന്റെ റിവ്യൂ അല്ല,

വൈറസ്‌ റിവ്യൂകൾ ഓരോന്നായി വായിച്ചു വരുന്നതിനിടയ്ക്ക്‌ കണ്ണിലുടക്കിയ ഒരു വരിയായിരുന്നു ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രം ഡോ. ആബിദ്‌ റഹ്മാൻ സമ്പൂർണ്ണ പരാജയമായിരുന്നെന്നത്‌. മറ്റൊന്നിൽ ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു ആബിദ്‌ എന്നായിരുന്നു വിമർശനം. തുറന്ന് പറയട്ടേ, വൈറസിൽ ഏറ്റവും കൂടുതൽ റിലേറ്റ്‌ ചെയ്തത്‌, ഏറ്റവും കൺവിൻസിങ്ങായി തോന്നിയത്‌ ഭാസിയുടെ ആബിദെന്ന ജൂണിയർ റസിഡന്റ്‌ ഡോക്ടറായിരുന്നു

കയ്യിൽ ആ ചുരുട്ടിപ്പിടിച്ച സ്റ്റെത്തും കഴുത്തിലൊരു ടാഗും ഇൻ ചെയ്ത ഷർട്ടുമൊഴിച്ചാൽ ഒരു ഫ്രീക്കൻ എവിടെയോ ഒളിച്ചിരിപ്പുണ്ടെന്നത്‌ ഡോക്ടറുടെ കുറവായിത്തോന്നിയിരിക്കും ആ കുറിപ്പെഴുതിയയാൾക്ക്‌. എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ. കല്ലു കരട്‌ കാഞ്ഞിരക്കുറ്റി മുതൽ മുള്ള്‌ മുരട്‌ മൂർഖൻ പാമ്പ്‌ വരെ പൂണ്ട്‌ വിളയാടുന്ന മെഡിക്കൽ കോളജിലൊരു ഇരുപത്തിനാലു മണിക്കൂർ തികച്ച്‌ നിന്നാൽ നിങ്ങൾ കാണുന്ന ആബിദ്‌ റഹ്മാന്മാരുടെ എണ്ണം രണ്ടക്കം കടക്കും.  

സാധാരണ മലയാളം സിനിമകളിൽ ഡോക്ടർമ്മാരെ കാണിക്കാറുള്ള കുറച്ച്‌ റോളുകളുണ്ട്‌. കാഷ്വൽറ്റിയുടെ വാതിൽ തുറന്നു പുറത്ത്‌ വന്ന് തലയാട്ടിക്കൊണ്ട്‌ ഐ ആം സോറിയെന്ന് പറയാറുള്ള സാധാരണ ഡോക്ടർ തൊട്ട്‌ " പോളീസൈതീമിയ റൂബ്രാ വിര " പോലെ കേൾക്കാൻ പഞ്ചുള്ള രോഗങ്ങൾ വിശദീകരിച്ചുനൽകുന്ന ഡോക്ടർമ്മാർ വരെ.

അതൊക്കെ മോശമാണെന്നല്ല പറഞ്ഞുവരുന്നത്‌. സിനിമാറ്റിക്‌ ആവുന്നതൊരു തെറ്റല്ല. അവയൊക്കെ സമൂഹത്തിൽ ഇമ്പാക്റ്റുണ്ടാക്കിയെന്നത്‌ ഡോക്ടർക്ക്‌ ഒരു രൂപവും ഭാവവാഹാദികളുമുണ്ടെന്ന് ചിന്തിക്കുന്നിടം വരെ എത്തിച്ചുവെന്നതിൽ നിന്ന് മനസിലാക്കാമല്ലോ. അത്‌ ഒരു ലൈൻ ഓഫ്‌ thought മാത്രമാണ്. ചപ്രത്തലമുടിയും സി.പി.ആർ കഴിഞ്ഞ്‌ പൾസ്‌ കിട്ടുമ്പൊഴുള്ള സന്തോഷവും മനസിലെ പ്രണയവുമൊന്നും ഡോക്ടർമ്മാരിൽ ചിലപ്പൊ പ്രതീക്ഷിച്ചുകാണില്ല

ശ്രീനാഥ്‌ ഭാസിയുടെ ആബിദിൽ കണ്ട ഒരു വലിയ പ്രത്യേകത അതൊരു മനുഷ്യനാണെന്നുള്ളതാണ്. വൈകിട്ട്‌ ഫുട്ബോൾ കളിക്കുന്ന, മെൻസ്‌ ഹോസ്റ്റലിൽ കിടന്നുറങ്ങി കാലത്തെണീറ്റ്‌ ഇൻ ചെയ്ത്‌ അടുത്ത കട്ടിലിൽ കിടക്കുന്നവനോട്‌ ഡ്യൂട്ടി കവർ ചെയ്യാൻ സെറ്റ്‌ ചെയ്ത്‌ ടാഗുമിട്ട്‌ സ്റ്റെത്ത്‌ ഒരു കയ്യിൽ ചുരുട്ടിപ്പിടിച്ച്‌ കാഷ്വൽറ്റിയിലേക്ക്‌ വന്ന് കയറുന്ന സെക്കന്റിൽ ആദ്യത്തെ കേസ്‌ തോളത്ത്‌ വാങ്ങുന്ന വെറും സാധാരണ റസിഡന്റ്‌.  

ആബിദ്‌ പെർഫെക്റ്റല്ല. കുറവുകളുണ്ട്‌. ട്രീറ്റ്‌ ചെയ്യുന്ന രോഗിക്ക്‌ അപകടം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന മനസുണ്ട്‌. ഒരു കുഴപ്പമുണ്ടായാൽ ചിലപ്പൊഴൊക്കെ തളരുന്നുണ്ട്‌. ഡോക്ടറും ഒരു മനുഷ്യനാണെന്ന് ആബിദ്‌ തോന്നിക്കുന്നുണ്ട്‌. ഒരുവട്ടമല്ല പലവട്ടം. ഇടവും വലവും ഇരുന്നും കിടന്നുറങ്ങിയും ചിരിച്ചും കളിച്ചും നടന്നുപോയവരിൽ ഒരുപാട്‌ ആബിദുമാരുണ്ട്‌. ആറരക്കൊല്ലം മെഡിക്കൽ കോളജിൽ ജീവിച്ച ഒരുപാടുപേർക്ക്‌ അപരിചിതത്വം തോന്നാതെ ആബിദിനു ജീവൻ കൊടുക്കാൻ നിങ്ങൾക്ക്‌ കഴിഞ്ഞെങ്കിൽ നൂറുകണക്കിന് അവാർഡുകൾ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞതായിക്കരുതിക്കൊള്ളൂ.

സി.പി.ആർ ചെയ്ത്‌ വിയർത്തുകുളിച്ച്‌ നിൽക്കുന്ന ഒരുപാട്‌ ആബിദുമാരെയും ഉണ്ണിമായ അവതരിപ്പിച്ചതുപോലത്തെ ലേഡി ഡോക്ടർമ്മാരെയും മഡോണയുടെ ജൂണിയറിനെയുമൊക്കെ ഒരു സാദാ മെഡിക്കൽ കോളജ്‌ കാഷ്വൽറ്റിയിൽ വെറുതെ ഒന്ന് തിരിഞ്ഞാൽ കാണാൻ കഴിയും. പാട്ട്‌ പാടുന്ന ഡോക്ടറും പ്രണയിക്കുന്ന ഡോക്ടറും ഫുട്ബോൾ കളിക്കുന്ന ഡോക്ടറും തൊട്ട്‌ സാധാരണക്കാർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്ന, സാധാരണ ആഗ്രഹങ്ങളും വികാരങ്ങളുമുള്ള സാധാരണക്കാരൻ. അങ്ങനെയൊരു റസിഡന്റിനെ തന്നതിൽ ആഷിക്‌ അബുവിനോടും അയാളെ ജീവിച്ചുകാണിച്ചതിൽ ശ്രീനാഥ്‌ ഭാസിയോടും നന്ദിയുണ്ട്‌.  

സർക്കാർ സംവിധാനങ്ങളുടെയും ജനങ്ങളുടെയും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളിലൂടെ നിപ്പയെ പിടിച്ചുകെട്ടിയ ചരിത്രമാണ് ‘വൈറസ്’ എന്ന ചിത്രത്തിലൂടെ ആഷിഖ് അബു രേഖപ്പെടുത്താൻ ശ്രമിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്, സൗബിൻ ഷാഹിർ, ജോജു, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, രേവതി, റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റ്യൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 

ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്.  


 

 

Follow Us:
Download App:
  • android
  • ios