കൊച്ചി: കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പുതിയ മലയാള സിനിമകളുടെ ചിത്രീകരണം സംസ്ഥാനത്ത് തുടങ്ങുന്നു. മഹേഷ്‌ നാരായണന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'സീ യൂ സൂൺ' ന്‍റെ ചിത്രീകരണം ഉടന്‍ കൊച്ചിയിൽ തുടങ്ങും. കൊവിഡ് വൈറസ് പടരുന്നതിന്‍റെയും ലോക്ഡൗണിന്‍റെയും സാഹചര്യത്തിൽ സിനിമാ ചിത്രീകരണം നേരത്തെ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പുതിയ സിനിമകൾ ഉടനില്ലെന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ നിലപാട്. 

ഒരുപാട് നേരത്തെയായി സച്ചിയുടെ യാത്ര, ആദരവുമായി ഷാജി കൈലാസ്.

അതിനിടെ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രൊഡ്യൂസേഴ്സ് അസോഡിയേഷൻ രംഗത്തെത്തി. പുതിയ സിനിമകൾ തുടങ്ങരുതെന്ന നിർദ്ദേശം ലംഘിക്കുന്നത് ശരിയല്ല. ഇത്തരക്കാരുമായി ഭാവിയിൽ സഹകരിക്കില്ലെന്നും തിയേറ്റർ റിലീസ് ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കി. 

അതേ സമയം ലോക്ഡൗണിൽ മുടങ്ങിപോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് നേരത്തെ പുനരാരംഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ചിത്രീകരണം.ചിത്രീകരണത്തിലെ തുടർച്ചയും സാന്പത്തിക ബാധ്യതയും കണക്കിലെടുത്താണ് ഷൂട്ടിംഗ് തുടങ്ങാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത് .നേരത്തെ തയ്യാറാക്കിയ തിരക്കഥയിലടക്കം മാറ്റങ്ങൾ വരുത്തിയാണ് പല സിനിമകളുടെയും ചിത്രീകരണം നടക്കുന്നത്.