ഓണം റിലീസുകള്‍ക്ക് പിന്നാലെ 5 സിനിമകള്‍; ഈ വാരത്തിലെ പുതിയ ചിത്രങ്ങള്‍
തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം ഖുഷിയാണ് പ്രധാനം

പ്രേക്ഷകര്‍ എത്തുന്നില്ലെന്ന മാസങ്ങള്‍ നീണ്ട പരാതികള്‍ക്കൊടുവില്‍ കേരളത്തിലെ തിയറ്ററുകള്‍ക്ക് ചാകരയായിരുന്നു ഈ ഫെസ്റ്റിവല്‍ സീസണ്‍. ഓണം എത്തുന്നതിന് മുന്‍പ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ വീക്കെന്‍ ഡില്‍ തമിഴ് ചിത്രം ജയിലര്‍ എത്തിയത് മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ തിരക്ക് തുടങ്ങിയതാണ്. രണ്ട് വാരങ്ങള്‍ക്കിപ്പുറം ഓണം റിലീസുകള്‍ കൂടി എത്തിയതോടെ തിയറ്ററുകളിലെ ആ തിരക്ക് കുറയാതെ തുടര്‍ന്നു. ഓണം റിലീസുകള്‍ക്കിടയിലും ജയിലര്‍ വലിയ പരിക്ക് പറ്റാതെ തുടര്‍ന്നു എന്നത് തിയറ്റര്‍ മേഖലയെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ഓണം റിലീസുകള്‍ക്ക് പിന്നാലെ ഈ വാരാന്ത്യത്തില്‍ കേരളത്തിലെ തിയറ്ററുകളിലേക്ക് അഞ്ച് ചിത്രങ്ങള്‍ കൂടി എത്തുകയാണ്. എന്നാല്‍ അവയില്‍ മലയാള ചിത്രങ്ങള്‍ ഒന്ന് പോലും ഇല്ല.
വിജയ് ദേവരകൊണ്ടയും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം ഖുഷി, തമിഴില്‍ നിന്ന് യോഗി ബാബുവിനെ നായകനാക്കി ബാലാജി വേണുഗോപാല്‍ സംവിധാനം ചെയ്ത കോമഡി ത്രില്ലര്‍ ലക്കി മാന്‍, സന്താനത്തെ നായകനാക്കി പ്രശാന്ത് രാജ് സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം കിക്ക് എന്നിവയാണ് ഈ വാരം കേരളത്തിലെത്തുന്ന പ്രധാന റിലീസുകള്‍. ഒപ്പം ഹോളിവുഡില്‍ നിന്ന് ഡെന്‍സല്‍ വാഷിംഗ്ടണ്‍ നായകനാവുന്ന വിജിലാന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ദി ഇക്വലൈസര്‍ 3, അനിമേറ്റഡ് സൂപ്പര്‍ഹീറോ ചിത്രം ടീനേജ് മ്യൂട്ടന്‍റ് നിന്‍ജ ടര്‍ട്ടില്‍സ്: മ്യൂട്ടന്‍റ് മേയ്ഹം എന്നിവയും പ്രധാന സെന്‍ററുകളില്‍ വെള്ളിയാഴ്ച എത്തും. തിയറ്ററുകളില്‍ ജനം എത്തിയിരിക്കുന്ന സീസണ്‍ എന്നത് പുതിയ റിലീസുകളെ സംബന്ധിച്ചും പ്രതീക്ഷയുണ്ടാക്കുന്ന ഘടകമാണ്.
ALSO READ : ഓണം റിലീസുകളിലും വീഴാതെ 'ജയിലര്‍'; 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക