തീയേറ്ററുകളില്‍ വിജയം നേടിയ പൃഥ്വിരാജ് ചിത്രമായിരുന്നു 'സെവന്‍ത് ഡേ'. 2014ല്‍ റിലീസ് ചെയ്യപ്പെട്ട സിനിമയില്‍ വലിയ വിജയം നേടിയ ഒരു ഡയലോഗ് ഉണ്ടായിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇങ്ങനെ ആരംഭിക്കുന്നു.. 'കര്‍ണന്‍, നെപ്പോളിയന്‍, ഭഗത്‌സിംഗ് ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്. യു സീ ദി ഐറണി, ഡോണ്ട് യൂ?' ഇപ്പോഴിതാ ഈ സംഭാഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു സിനിമയുടെ ടൈറ്റില്‍.

നവാഗതനായ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്' എന്നാണ്. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും പുറത്തെത്തി. നായകന്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവര്‍ത്തകരും ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ചിത്രത്തെക്കുറിച്ച് അണിയറക്കാര്‍ ഇങ്ങനെ പറയുന്നു. 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ് ഇവരാണ് എന്റെ ഹീറോസ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ഒരു മലയാളിയും ഇല്ലെന്നു തന്നെ പറയാം. പക്ഷെ ഇവര്‍ തോറ്റവരല്ലെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കാരണം തോറ്റുകൊടുക്കാന്‍ മനസ്സുള്ളവന്റെയത്രയും വിജയിച്ചവരാരും ഈ ലോകത്തില്‍ വേറെയില്ല. ഫസ്റ്റ് പേജ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ഈ ചിത്രവും പറയാനാഗ്രഹിക്കുന്നത് മറ്റൊന്നല്ല.'