Asianet News MalayalamAsianet News Malayalam

പുതിയ നിര്‍മാതാവും പിന്മാറി? ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴം അനിശ്ചിതത്വത്തില്‍

എം ടി വാസുദേവൻ നായരുമായുള്ള "രണ്ടാമൂഴ"ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. എസ് കെ നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമാണത്തിൽ നിന്ന് പിന്മാറിയതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ കുറിപ്പില്‍ പറയുന്നു

new producer of shrikumar menons mahabharatha withdraws
Author
Thiruvananthapuram, First Published Aug 21, 2019, 2:07 PM IST

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'മഹാഭാരത'ത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക്. ചിത്രത്തിന്റെ നിര്‍മ്മാതാവായി ആദ്യം പറഞ്ഞിരുന്ന ബി ആര്‍ ഷെട്ടി പ്രോജക്ടില്‍ നിന്ന് പിന്മാറിയെന്നും ഡോ. എസ് കെ നാരായണന്‍ ആവും പുതിയ നിര്‍മാതാവെന്നും അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചിരുന്നു.

ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന 'മഹാഭാരതം' സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ. എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ഈ വര്‍ഷമാദ്യം ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രമടക്കമായിരുന്നു പോസ്റ്റ്.

എന്നാല്‍, ഇപ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെയാണ്  'മഹാഭാരതം' സിനിമ നിര്‍മിക്കുന്നതില്‍ നിന്ന് എസ് കെ നാരായണന്‍ പിന്മാറിയതായി അറിയിച്ചിരിക്കുന്നത്. എം ടി വാസുദേവൻ നായരുമായുള്ള "രണ്ടാമൂഴ"ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. എസ് കെ നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമാണത്തിൽ നിന്ന് പിന്മാറിയതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ കുറിപ്പില്‍ പറയുന്നു.

എം ടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ട് വര്‍ഷത്തേക്കാണെന്ന് നിർമാതാവിനോട് ശ്രീകുമാർ മേനോൻ പറഞ്ഞത് കളവാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രോജക്ടുമായി മുന്നോട്ട് പോകാൻ നിർമാതാവിന് താത്പര്യമില്ലെന്ന് വ്യക്തമാക്കിയതായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. 

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

MT വാസുദേവൻ നായരുടെ "രണ്ടാമൂഴം" നോവൽ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ച "മഹാഭാരതം" എന്ന സിനിമ പ്രോജെക്ടിൽ നിന്നും നിർമ്മാതാവ് ഡോ. SK നാരായണൻ പിന്മാറി.

MT വാസുദേവൻ നായരുമായുള്ള "രണ്ടാമൂഴ"ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. SK നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വര്ഷത്തേക്കാണെന്നു നിർമ്മാതാവിനോടു ശ്രീകുമാർ മേനോൻ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെക്ടുമായി മുന്നോട്ടു പോകാൻ നിർമ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

നാലു വർഷത്തിനുള്ളിൽ "രണ്ടാമൂഴ"ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിനു ശേഷം MT ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് "രണ്ടാമൂഴ"ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് MT കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി MT ക്ക്‌ തിരക്കഥ തിരിച്ചു നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

ഈ വസ്തുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. SK നാരായണനുമായി ചേർന്ന് "രണ്ടാമൂഴം" സിനിമ പ്രൊജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാൻ നിർമ്മാതാവ് ഡോ. SK നാരായണൻ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രൊജക്റ്റ്‌. എന്നാൽ ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ "വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത" ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ്‌ അവസാനിപ്പിക്കാൻ നിർമാതാവ് തീരുമാനിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകുമാർ മേനോനും ഡോ. SK നാരായണനും തമ്മിൽ കരാർ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാൻ ഫേസ്ബുക്കിൽ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോൾ ഈ വിവരം അറിയിക്കേണ്ടി വന്നത്.

 

Follow Us:
Download App:
  • android
  • ios