ഓണം റിലീസുകള്‍ക്ക് മുന്നോടിയായി പ്രധാനപ്പെട്ട രണ്ട് സിനിമകള്‍ മലയാളത്തില്‍ തീയേറ്ററുകളിലെത്തുന്ന വാരമാണിത്. ടൊവീനോ തോമസ് നായകനായ പ്രവീണ്‍ പ്രഭരം ചിത്രം 'കല്‍ക്കി' വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയപ്പോള്‍ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ, സൗബിന്‍ ഷാഹിര്‍ നായകനായ 'അമ്പിളി' വെള്ളിയാഴ്ചയും തീയേറ്ററുകളിലെത്തും. 132 തീയേറ്ററുകളിലാണ് കേരളത്തില്‍ റിലീസ്. 'ഗപ്പി' സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖം തന്‍വി റാം നായികയായി എത്തുമ്പോള്‍ നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴില്‍ ഏറെ കാത്തിരിപ്പുണ്ടാക്കിയ, അജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നേര്‍കൊണ്ട പാര്‍ലൈ' വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയപ്പോള്‍ നയന്‍താരയുടെ മിസ്റ്ററി ഡ്രാമ ത്രില്ലര്‍ 'കൊലൈയുതിര്‍ കാലം', റീല്‍ എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ഉന്നൈപ്പോല്‍ ഒരുവന്‍, ബില്ല 2 അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ചാക്രി ടൊലെറ്റിയാണ് കൊലൈയുതിര്‍ കാലത്തിന്റെ സംവിധാനം. 'ഹഷ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഇത്.

ബോളിവുഡില്‍ നിന്ന് സിദ്ധാര്‍ഥ് മല്‍ഹോത്രയും പരിണീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജബരിയ ജോഡി', രാജീവ് ഖണ്ഡേവാള്‍ നായകനാവുന്ന 'പ്രണാം' എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ഹോളിവുഡില്‍ നിന്ന് ഹൊറര്‍ ത്രില്ലര്‍ 'സ്‌കേറി സ്‌റ്റോറീസ് റ്റു ടെല്‍ ഇന്‍ ദി ഡാര്‍ക്ക്', ലൈവ്-ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം 'ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്' എന്നിവയും വെള്ളിയാഴ്ച എത്തും. നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഒരു ബംഗാളി ചിത്രവും ഈ വാരം കാണികളെ തേടി എത്തുന്നുണ്ട്. ജീത്ത് മദ്‌നാനിയും ശ്രദ്ധ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രം 'പാന്ഥര്‍' ആണ് ബംഗാളി ചിത്രം.