Asianet News MalayalamAsianet News Malayalam

മോഹന്‍ലാല്‍, സൂര്യ, ദുല്‍ഖര്‍ തീയേറ്ററുകളിലേക്ക്; ഈ വാരം ഏഴ് സിനിമകള്‍

ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലൊക്കെ നേരത്തേ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയ ഷാജി എന്‍ കരുണിന്റെ 'ഓള്' ആണ് മലയാളത്തിലെ പ്രധാന റിലീസ്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'കാപ്പാന്‍', ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം 'ദി സോയ ഫാക്ടര്‍' എന്നിവയും വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.
 

new releases this week
Author
Thiruvananthapuram, First Published Sep 19, 2019, 5:36 PM IST

ഓണം റിലീസുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുന്ന വെള്ളിയാഴ്ചയാണ് കടന്നുവരുന്നത്. ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലൊക്കെ നേരത്തേ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയ ഷാജി എന്‍ കരുണിന്റെ 'ഓള്' ആണ് മലയാളത്തിലെ പ്രധാന റിലീസ്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'കാപ്പാന്‍', ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം 'ദി സോയ ഫാക്ടര്‍' എന്നിവയും വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. വിവിധ ഭാഷകളിലായി ഏഴ് സിനിമകളിലാണ് ഈ വാരം എത്തുന്നത്.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന 'കാപ്പാനി'ല്‍ ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'. ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് സെപ്റ്റംബര്‍ 20ലേക്ക് നീക്കുകയായിരുന്നു. 

ബോളിവുഡില്‍ ദുല്‍ഖറിന്റെ രണ്ടാമത് ചിത്രമാണ് 'ദി സോയ ഫാക്ടര്‍'. 2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ് സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറും വേഷമിടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ റോളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഓള്'. ഷാജി എന്‍ കരുണിന്റെ കഥയ്ക്ക് ടി ഡി രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്റേതാണ് ഫ്രെയ്മുകള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ശ്രീവല്‍സന്‍ ജെ മേനോന്‍. ഉര്‍വ്വശി തീയേറ്റേഴ്സ് റിലീസ് ആണ് വിതരണം.

എം ചന്ദ്രമോഹന്‍ സംവിധാനം ചെയ്ത പ്ര ബ്രാ ഭ്രാ ആണ് ഈയാഴ്ച തീയേറ്ററുകളിലെത്തുന്ന മറ്റൊരു മലയാളചിത്രം. പ്രണയം ബ്രാണ്ടി കുറച്ച് ഭ്രാന്ത് എന്നതിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ പേര്. ബോളിവുഡില്‍ നിന്ന് സഞ്ജയ് ദത്ത് നായകനാവുന്ന പ്രസ്ഥാനവും തെലുങ്കില്‍ നിന്ന് വരുണ്‍ തേജിന്റെ വാല്‍മീകിയും ഹോളിവുഡില്‍ നിന്ന് സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ റാംബോ: ദി ലാസ്റ്റ് ബ്ലഡും വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങളാണ്. 

Follow Us:
Download App:
  • android
  • ios