തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് സാഹചര്യത്തില്‍ വിനോദ മേഖലയില്‍ നേട്ടമുണ്ടാക്കിയത് ഒടിടി പ്ലാറ്റ്ഫോമുകളാണ്. തീയേറ്റര്‍ റിലീസ് ഉടനെങ്ങും പുനരാരംഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ പല സിനിമകളും ഒടിടി ഡയറക്ട് റിലീസായി എത്താന്‍ പോകുന്നതും നാം അറിഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ ഏറ്റവുമധികം എത്തുന്ന ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ ഉടന്‍ എത്താനിരിക്കുന്ന സിനിമകളില്‍ ആയുഷ്‍മാന്‍ ഖുറാനയും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ഗുലാബോ സിതാബോയും ഒമര്‍ ലുലു സംവിധാനം ചെയ്‍ത മലയാളചിത്രം ധമാക്കയും ഒക്കെ ഉള്‍പ്പെടും.

ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഗുലാബോ സിതാബോ ഒടിടി ഡയറക്ട് റിലീസ് ആണ്. ചിത്രത്തില്‍ ലഖ്‍നൗ സ്വദേശിയായ മിര്‍സ എന്ന ഭൂവുടമയാണ് അമിതാഭ് ബച്ചന്‍റെ കഥാപാത്രം. ബാങ്കി എന്ന കഥാപാത്രത്തെയാണ് ആയുഷ്‍മാന്‍ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജൂഹി ചതുര്‍വേദിയാണ്. വിക്കി ഡോണറിനു ശേഷം ആയുഷ്‍മാനും പികുവിനു ശേഷം ബച്ചനും ഷൂജിത് സര്‍ക്കാരിനൊപ്പം വര്‍ക് ചെയ്യുന്ന സിനിമയാണിത്. പ്രീമിയര്‍ 12ന്.

അതേസമയം ടെലിവിഷന്‍ പ്രീമിയറിന് ശേഷമാണ് ഒമര്‍ ലുലുവിന്‍റെ ധമാക്ക സ്ട്രീമിംഗിന് എത്തുന്നത്. നിക്കി ഗല്‍റാണിയും അരുണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തിയതാണ്. 15നാണ് സ്ട്രീമിംഗ് ആരംഭിക്കുക. ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ് (12), ഗുജറാത്തി ചിത്രം അഫ്ര ടാഫ്രി എന്നിവയാണ് ഈ വാരം ആമസോണ്‍ പ്രൈമിലെ മറ്റു പ്രധാന റിലീസുകള്‍. അഫ്ര ടാഫ്രി ഇന്നലെ (9) സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.