നടി നിക്കി ഗല്‍റാണി കൊവിഡ് ചികിത്സയില്‍. കഴിഞ്ഞ ആഴ്ചയാണ് തനിക്കു രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ഭേദമാകുന്നുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തീവ്രത കുറഞ്ഞ രോഗമാണ് തനിക്കു വന്നതെന്നും ഒരാഴ്ചയായി ഹോം ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും നടി അറിയിച്ചു.

"കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് പരിശോധന നടത്തിയതും പോസിറ്റീവ് ഫലം ലഭിച്ചതും. ഭാഗ്യവശാല്‍ തീവ്രത കുറഞ്ഞ രോഗമായിരുന്നു എനിക്ക്. തൊണ്ടയ്ക്ക് അസ്വസ്ഥത, പനി, ഗന്ധവും രുചിയും നഷ്ടപ്പെടുക തുടങ്ങിയവയൊക്കെയായിരുന്നു ലക്ഷണങ്ങള്‍. അവശ്യമായ നിര്‍ദേശങ്ങളൊക്കെ പാലിച്ചിരുന്ന എനിക്ക് രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണ്. വീട്ടില്‍ത്തന്നെ ക്വാറന്‍റൈനില്‍ കഴിയാനായതും ഭാഗ്യമായി കരുതുന്നു.

ഭയപ്പെടുത്തുന്ന ഈ അന്തരീക്ഷത്തില്‍ മറ്റുള്ളവരുടെ സുരക്ഷയെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. എന്‍റെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല എന്നതും പരിഗണിച്ച് ഇതിനെ മറികടക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ മാതാപിതാക്കളെയും മുതിര്‍ന്നവരെയും സുഹൃത്തുക്കളെയും തുടങ്ങി, ഈ രോഗം കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. ആയതിനാല്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടവിട്ട് കൈകള്‍ കഴുകുക, അത്യാവശ്യമുള്ളപ്പോള്‍ മാത്രം പുറത്തുപോവുക തുടങ്ങിയ നിര്‍ദേശങ്ങളൊക്കെ പാലിക്കുക." മാസങ്ങളായി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടിവരുന്നതിന്‍റെ ബുദ്ധിമുട്ട് തനിക്കറിയാമെന്നും എന്നാല്‍ സമൂഹത്തിനുവേണ്ടി തന്നാല്‍ കഴിയുന്നത് ഓരോരുത്തരും ചെയ്യേണ്ട സമയമാണിതെന്നും നിക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവര്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.