ധനുഷ് 20 കോടി നല്‍കേണ്ടി വരുമോ?.

തെന്നിന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനും നടനുമാണ് ധനുഷ്. ഒന്നിനുപിറകെ ഒന്നായി സിനിമകള്‍ ചെയ്യുന്ന ഒരു താരവുമാണ് ധനുഷ്. മിക്കതും വൻ വിജയമായി മാറാറുമുണ്ട്. ഇപ്പോഴിതാ കരാര്‍ ഒപ്പിട്ട ഒരു സിനിമ ചെയ്യാത്തതിന്റെ പേരില്‍ സിനിമ കുരുക്കില്‍ പെട്ടിരിക്കുകയാണ് ധനുഷ്.

Thenandal Films എന്ന് സിനിമാ നിര്‍മാണക്കമ്പനിയാണ് ധനുഷിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 2016ല്‍ ധനുഷ് ഒരു സിനിമ ചെയ്യാം എന്ന് കരാറില്‍ ഒപ്പിട്ടിരുന്നു. നാൻ രുദ്രൻ എന്നായിരുന്നു പേര്. ധനുഷ് തന്നെ ആയിരുന്നു സിനിമ സംവിധാനം ചെയ്യേണ്ടിയിരുന്നതും. സിനിമ വൈകിയതോടെ സംവിധായകനെ മാറ്റാൻ നിര്‍മാണ കമ്പനി തീരുമാനിച്ചു. എന്നാല്‍ ധനുഷ് തിരക്കഥ കൈമാറാൻ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. ഇത് നിര്‍മാതാക്കള്‍ക്ക് നഷ്‍ടമുണ്ടാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കിയില്ലെങ്കില്‍ 20 കോടി രൂപ നഷ്‍ടപരിഹാരം നല്‍കേണ്ടി വരുമെന്നും കേസുമായി മുന്നോട്ടുപോകുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.

ഇനി ധനുഷ് മമ്മൂട്ടിക്കൊപ്പം

പല കാരണങ്ങള്‍ കൊണ്ട് കോളിവുഡില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഡി 55. ധനുഷിനെ നായകനാക്കി അമരന്‍ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശിവകാര്‍ത്തികേയന് കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത സംവിധായകന്‍ അതിന് ശേഷം ഒരുക്കുന്ന ചിത്രം എന്നതാണ് ഹൈലൈറ്റ്. ഈ പ്രോജക്റ്റിന്മേല്‍ പ്രേക്ഷക പ്രതീക്ഷ കൂടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും ധനുഷും ബിഗ് സ്ക്രീനില്‍ ഒന്നിച്ചെത്തുന്നത്. 2013 ല്‍ പുറത്തത്തിയ മലയാള ചിത്രം കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷ് അതിഥിതാരമായി എത്തിയിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായ ധനുഷിനൊപ്പം പ്രാധാന്യമുള്ള റോളിലാണ് എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക