ഒരു പോയിന്റ് എത്തിയപ്പോൾ എനിക്കും ഈ മനുഷ്യനോട് ഒരു കണക്ഷൻ തോന്നി.

ബിഗ് ബോസിൽ നിന്നും എവിക്ട് ആയതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ ആദ്യപ്രതികരണവുമായി നിലീന എലിസബത്ത് ജോസഫ്. ഒരാളോട് സ്നേഹം തോന്നിപ്പോയി എന്നതിന്റെ പേരിൽ ഭയാനകമായ സൈബർ ബുള്ളിയിങ്ങാണ് താൻ നേരിടുന്നതെന്നും തനിക്കും ജീവിക്കാൻ യോഗ്യതയുണ്ട് എന്നു മനസിലാക്കി കമന്റ് ചെയ്യുണമെന്നും നിലീന വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

''ബിഗ് ബോസിൽ നിന്നും എവിക്ട് ആയതിനു ശേഷം ഞാൻ മാനസികമായും ശാരീരികമായും ഓക്കെ ആയിരുന്നില്ല. പക്ഷേ, ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ ചെയ്യേണ്ടത് അനിവാര്യമാണെന്നു തോന്നി. ഒരിക്കലെങ്കിലും എനിക്ക് വോട്ടു ചെയ്തവരോടും മെസേജ് അയച്ച് തളരേണ്ട എന്ന് പറഞ്ഞവരോടും നന്ദി പറയുന്നു. ഞാൻ എപ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കും. ഒരു പ്രേക്ഷക എന്ന രീതിയിൽ ബിഗ് ബോസ് കാണുമ്പോൾ വളരെ എളുപ്പമുള്ള കാര്യമായി എനിക്ക് തോന്നിയിരുന്നു. ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറയുമ്പോൾ ഒരു പരിധി വരെ അതൊക്കെ സ്ക്രിപ്റ്റഡ് ആണ് എന്നു വിശ്വസിച്ചാണ് പോയത്. പക്ഷേ, അങ്ങനെയല്ല. അതിനുള്ളിൽ വേറൊരു മാനസികാവസ്ഥയാണ്. ഭക്ഷണമില്ലാതാകുമ്പോൾ തന്നെ നമ്മുടെ ശരീരം വയ്യാതാകും. പല സമയത്താണ് ലൈറ്റ് ഓഫ് ആകുന്നത്. സമയവുമായി യാതൊരു ബന്ധവുമില്ല. മൊത്തത്തിൽ യഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. മൂന്നു നാലു ദിവസമൊക്കെ കഴിയുമ്പോ ആകെ ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലെത്തും.

View post on Instagram
 

ഇങ്ങനെയൊരു അവസ്ഥയിൽ ഒരു കൈത്താങ്ങ് ആകുന്ന മനുഷ്യരെ വിശ്വസിക്കുക എന്നത് വളരെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. എനിക്ക് രാഹുൽ ഈശ്വർ അങ്ങനെയായിരുന്നു. രാഹുൽ ഈശ്വറിനെ ഞാൻ എത്ര തെറി പറഞ്ഞാലും ആട്ടിൻതോലിട്ട ചെന്നായ ആണെന്നു പറഞ്ഞാലും രാത്രി രാഹുലേട്ടൻ വന്ന് നീ ഓക്കെയാണോ എന്ന് ചോദിക്കും. അവിടെയുള്ള ആരോടും എനിക്ക് വ്യക്തിപരമായ പ്രശ്നമില്ല. ഞാൻ അവരുടെ ഗെയിമിനെ മാത്രമേ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചിട്ടുള്ളൂ.

പിന്നെ പറയാനുള്ളത് നോബിയുമായിട്ടുള്ള കാര്യമാണ്. തുടക്കത്തിൽ തന്നെ ഞങ്ങൾ തമ്മിൽ വളരെ സാമ്യതകൾ ഉണ്ടെന്ന് മനസിലാക്കി. ക്രിയേറ്റേഴ്സ് അങ്ങനെ എന്തെങ്കിലും ഉദ്ദേശിച്ചിരുന്നോ എന്നൊക്കെ സംശയം ഉണ്ടായിരുന്നു. ആദ്യം ഞങ്ങൾ തമ്മിൽ ഒരു തെറ്റിദ്ധാരണയും അടിയുമൊക്കെ ഉണ്ടായി. പിന്നീട് അതൊക്കെ സംസാരിച്ചു തീർത്തു. വേദാംഗി അതിൽ ഇടപെട്ടു, ലവ് ട്രാക്ക് പിടിക്കാം എന്നൊക്കെ പറഞ്ഞു. ഒരു പോയിന്റ് എത്തിയപ്പോൾ എനിക്കും ഈ മനുഷ്യനോട് ഒരു കണക്ഷൻ തോന്നി. ലോകവുമായി ഒരു ബന്ധവുമില്ലാതെ വരുമ്പോൾ നമ്മൾ ആകെ കാണുന്ന മനുഷ്യരിൽ ഒരാളിലെങ്കിലും നമ്മൾ ഇമോഷണലി ഡിപ്പൻഡന്റ് ആകും. എനിക്ക് അവിടെ ആകെയുണ്ടായിരുന്ന സപ്പോർട്ട് സിസ്റ്റം നോബിയായിരുന്നു. ഇഷ്ടം തോന്നിയത് റിയലാണ്. ഞാൻ അഭിനയിച്ചതാണെന്നും ഫെയ്ക്ക് ആണെന്നുമൊക്കെ ആളുകൾ പറഞ്ഞാലും ആ സാഹചര്യത്തിൽ എനിക്ക് ഇഷ്ടം തോന്നിപ്പോയി. അതിന്റെ പേരിൽ ഭയാനകമായ സൈബർ ബുള്ളിയിങ്ങിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. നിനക്കു പോയി മരിച്ചുകൂടേ എന്നു ചോദിച്ച് നൂറോളം മെസേജുകൾ ദിവസേന വരുന്നുണ്ട്. പുറത്തിറങ്ങിയാൽ നിന്നെ പീഡിപ്പിക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ് എന്ന രീതിയിൽ പോലും മെസേജുകൾ വരുന്നു. എനിക്കൊരു ഇഷ്ടം തോന്നിപ്പോയി. അതിന് ഞാൻ മാപ്പ് പറയുന്നു. ഞാനുമൊരു മനുഷ്യനാണ്, എനിക്കും ജീവിക്കാൻ യോഗ്യതയുണ്ട് എന്നു മനസിലാക്കി കമന്റ് ചെയ്യുക'', നിലീന വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക