അനുരാഗ് കശ്യപിന്‍റെ തിയറ്ററില്‍ എത്തിയ ആദ്യ ഭാഗത്തിനൊപ്പം സീക്വലും സ്ട്രീമിംഗിന്! 

ബോളിവുഡിലെ നവഭാവുകത്വത്തിന് ചുക്കാന്‍ പിടിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. ദേവ് ഡിയും ഗ്യാങ്സ് ഓഫ് വാസിപൂറുമടക്കമുള്ള ചിത്രങ്ങളിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് അദ്ദേഹം ആരാധകരെ നേടി. ഏറ്റവുമൊടുവില്‍ നടനായി തമിഴ്, മലയാള ചിത്രങ്ങളിലും അദ്ദേഹം കൈയടി നേടി. ഇപ്പോഴിതാ അനുരാഗ് കശ്യപ് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക ഒടിടിയില്‍ എത്തിയിരിക്കുകയാണ്. അനുരാഗ് കശ്യപിന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ നിഷാഞ്ചി എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ട് നിഷാഞ്ചിയുടെ രണ്ടാം ഭാഗവും ചേര്‍ത്ത് ഒരുമിച്ചാണ് ഒടിടിയില്‍ സംഭവിച്ചിരിക്കുന്ന റിലീസ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഈ രണ്ട് ചിത്രങ്ങളും ഇപ്പോള്‍ കാണാം.

ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന നിഷാഞ്ചിയില്‍ പുതുമുഖം ഐശ്വരി താക്കറേ ആണ് കേന്ദ്ര കഥാപാത്രങ്ങളായ ഇരട്ട വേഷങ്ങളില്‍ എത്തുന്നത്. ഇരട്ട സഹോദരന്മാരായ ബബ്ലൂ, ദബ്ലൂ എന്നീ കഥാപാത്രങ്ങളെയാണ് ഐശ്വരി അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ പതിറ്റാണ്ടുകള്‍ നീളുന്ന ജീവിതഘട്ടങ്ങളെ പിന്തുടരുന്നതാണ് തിയറ്ററുകളിലെത്തിയ ആദ്യ ഭാഗം. സെപ്റ്റംബര്‍ 19 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. എന്നാല്‍ പ്രേക്ഷകരുടെ കാര്യമായ ശ്രദ്ധയോ ബോക്സ് ഓഫീസ് മുന്നേറ്റമോ ചിത്രത്തിന് ലഭിച്ചില്ല. എന്നാല്‍ ഒടിടിയില്‍ അത് മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.

ബാലാസാഹേബ് താക്കറേയുടെ ചെറുമകനാണ് ഐശ്വരി താക്കറേ. കാണ്‍പൂരും ലഖ്നൗവും പ്രധാന ലൊക്കേഷനുകളാക്കിയ ചിത്രത്തില്‍ വേദിക പിന്റോ, മോണിക്ക പവാര്‍, കുമുദ് മിശ്ര, മുഹമ്മദ് യൂഷന്‍ അയൂബ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ചിത്രത്തിന്‍റെ ടൈംലൈനില്‍ നിന്ന് 10 വര്‍ഷം പിന്നിട്ട കാലത്തെ കഥയാണ് രണ്ടാം ഭാഗത്തില്‍ അടങ്ങിയിരിക്കുന്നത്. ഇത് ബബ്ലുവിന്‍റെ പ്രതികാര കഥ കൂടിയാണ്. ഹിന്ദി സിനിമയിലെ തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം- വൈകാരികത, തീവ്രത, അരാജകത്വം, ആക്ഷന്‍, ഡ്രാമ- എന്നിവയെല്ലാം ചേരുന്ന സിനിമയാണ് നിഷാഞ്ചിയെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.

എന്നെ സംബന്ധിച്ച് വളരെ പേഴ്സണല്‍ ആയ സിനിമയാണ് ഇത്. അതിനാല്‍ത്തന്നെ എഴുത്തില്‍ നിന്ന് തുടങ്ങി ചിത്രീകരണവും കഥാപാത്രങ്ങളുമൊക്കെ എന്നെ സംബന്ധിച്ച് അങ്ങേയറ്റം മാനസികാവേശം ഉണ്ടാക്കിയിട്ടുള്ളതാണ്. എംജിഎം, ജാര്‍ പിക്ചേഴ്സ്, ഫ്ലിപ്പ് ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് ആയിരുന്നു ചിത്രത്തിന്‍റെ വിതരണം.

Nishaanchi - Official Trailer | In Cinemas - September 19 | Amazon MGM Studios India