കെജിഎഫ് നായകന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് ടോക്സിക്

വന്‍ വിജയം നേടിയ കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാവുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ടോക്സിക്. ​ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. യഷിന്‍റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ ചിലത് ആദ്യമായി പുറത്തെത്തിയത്. ബര്‍ത്ത്ഡേ പീക്ക് എന്ന പേരിലാണ് നിര്‍മ്മാതാക്കള്‍ വീഡിയോ പുറത്തുവിട്ടത്. ഇതിനകം വന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ വീഡിയോ ഉള്ളടക്കത്തിന് യുട്യൂബില്‍ ഇതിനകം 86 ലക്ഷത്തിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. കൈയടികള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വീഡിയോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിനിമാപ്രേമികളില്‍ ചിലര്‍ പറയുമ്പോള്‍ കസബ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിഥിന്‍ രണ്‍ജി പണിക്കരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാവുന്നുണ്ട്.

നിഥിന്‍ രണ്‍ജി പണിക്കരുടെ പോസ്റ്റ് ഇങ്ങനെ- "സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളില്ലാത്ത, 'കസബ'യിലെ "ആണ്‍മുഷ്ക്ക്" മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. "സേ ഇറ്റ്, സേ ഇറ്റ്"!! എന്ന് പറഞ്ഞ് ​ഗിയര്‍ കേറ്റിവിട്ട പുള്ളി, പക്ഷേ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി?", നിഥിന്‍ ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.

മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രം സിനിമകളിലെ സ്ത്രീവിരുദ്ധതയെ ചൊല്ലിയുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചവരില്‍ ഡബ്ല്യുസിസി അം​ഗങ്ങളും ഉണ്ടായിരുന്നു. ​ഗീതു മോഹന്‍ദാസിന്‍റെ ഡബ്യുസിസി പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടാണ് കസബ സംവിധായകന്‍റെ പോസ്റ്റ്. അതേസമയം കെജിഎഫ് നായകന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് ടോക്സിക്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. 

ALSO READ : മലയാളത്തില്‍ നിന്ന് ക്രിക്കറ്റ് പശ്ചാത്തലമാക്കുന്ന സ്പോര്‍ട്‍സ് മൂവി വരുന്നു

Toxic: Birthday Peek | Rocking Star Yash | Geetu Mohandas | KVN Productions | Monster Mind Creations