സെപ്റ്റംബറില്‍ ആരംഭിക്കും

പ്രേമലു അടക്കമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ചിത്രത്തില്‍ നായകനാവാന്‍ നിവിന്‍ പോളി. മമിത ബൈജുവാണ് നായിക. പ്രേമലുവിന് ശേഷം മമിത ബൈജു നായികയാവുന്ന ഗിരീഷ് എ ഡി ചിത്രത്തിന്‍റെ പേരും കൗതുകകരമാണ്. ബത്‍ലഹേം കുടുംബ യൂണിറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രേമലുവിന്‍റെ നിര്‍മ്മാണവും ഭാവന സ്റ്റുഡിയോസ് ആയിരുന്നു.

പ്രേമലുവിന്‍റെ രണ്ടാം ഭാഗവും അതേ ടീമില്‍ ഭാവന സ്റ്റുഡിയോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രേമലു 2 ന് മുന്‍പ് തങ്ങളുടെ നിര്‍മ്മാണത്തില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം വരുമെന്ന് ദിലീഷ് പോത്തന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. അതാണ് ഈ ചിത്രം. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ നിര്‍മ്മാണ സംരംഭമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. 'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്.

റൊമാന്‍റിക് കോമഡി ചിത്രമാണ് ഇത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജ്മല്‍ സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, ഡിസ്ട്രിബ്യൂഷന്‍ ഭാവന റിലീസ്. പ്രൊഡക്ഷന്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് ഫഹദ് അടക്കമുള്ളവര്‍ അറിയിച്ചിരിക്കുന്നത്.

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു, ഐ ആം കാതലന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങള്‍. ഇതില്‍ ഐ ആം കാതലന്‍ ഒഴികെ ഉള്ളവയെല്ലാം തിയറ്ററില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളാണ്. പ്രേമലു മലയാളികള്‍ക്ക് പുറത്ത് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമാപ്രേമികള്‍ക്കിടയിലും ട്രെന്‍ഡ് ആയ ചിത്രമായിരുന്നു. പ്രേമലുവിലെ നായികാ കഥാപാത്രം മമിത ബൈജുവിനും വലിയ കരിയര്‍ ബ്രേക്ക് ആണ് നല്‍കിയത്. മമിതയ്ക്ക് മറുഭാഷകളിലേക്ക് മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായത് ഈ ചിത്രമാണ്.

കോമഡി മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ഗിരീഷ് എ ഡിക്കൊപ്പം നിവിന്‍ പോളി ആദ്യമായി വരുമ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷ ചിത്രം നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പിആർഒ ആതിര ദിൽജിത്ത്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്